കണ്ണൂർ :ലാവലിന് പുറകെ പിണറായി വിജയന് നേരെയുള്ള വേട്ട കൊലപാതക കേസിൽ പ്രതി എന്നുള്ള പ്രചാരണം ആണ് . കണ്ണൂരില്‍ 48 വര്‍ഷം മുമ്പ് ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്‌ണന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. അരയും തലയും മുറുക്കിയാണ് രംഗത്ത്. ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണു കേരളത്തിലെ ആദ്യരാഷ്‌ട്രീയകൊലപാതകം പിണറായിയെ കേന്ദ്രീകരിച്ചു വീണ്ടും സജീവമാകുന്നത്. കേസില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നു ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞതായി ‘മംഗളം റിപ്പോർട്ട് ചെയ്യുന്നു. . അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്‍കി. കേസിലെ മുഖ്യപ്രതി പിണറായി വിജയനെതിരേ കോടതിയെ സമീപിക്കുമെന്നും കുമ്മനം വ്യക്‌തമാക്കി.1969 ഏപ്രില്‍ 28-നു കണ്ണൂരില്‍ നടന്ന കൊലപാതകത്തില്‍ പിണറായിക്കു പങ്കുണ്ടെന്ന ആരോപണം കാലങ്ങളായി ബി.ജെ.പി. ഉന്നയിക്കുന്നതാണ്. വാടിക്കല്‍ രാമകൃഷ്‌ണന്റെ കുടുംബവും ഈയാവശ്യം മുന്നോട്ടുവച്ചു. കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 25-നു ഹൈദരാബാദില്‍ നടന്ന ആര്‍.എസ്.എസ്. അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗത്തിലും വാടിക്കല്‍ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നു. ആര്‍.എസ്.എസ്. ദേശീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാറാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്.
വ്യക്‌തമായ തെളിവുകളില്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പു കോടതി തീര്‍പ്പാക്കിയ കേസ് വീണ്ടും കുത്തിപ്പൊക്കാന്‍ ആരും തയാറായിരുന്നില്ല. എന്നാല്‍, പതിറ്റാണ്ടുകള്‍ക്കുശേഷം സംഭവം വിവരിച്ചു ദൃക്‌സാക്ഷികള്‍ രംഗത്തെത്തിയതോടെയാണു തുടര്‍നടപടിയുമായി മുന്നോട്ടുപോകാന്‍ ബി.ജെ.പി. തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ വി. മുരളീധരന്‍ പക്ഷത്തിനു വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്. എം.വി. രാഘവന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കേയാണു തലശേരി വാടിക്കലില്‍ ജനസംഘം പ്രവര്‍ത്തകന്‍ രാമകൃഷ്‌ണന്‍ വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിനു തങ്ങള്‍ സാക്ഷികളായിരുന്നെന്നു രാമകൃഷ്‌ണന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്‌ണനും പറയുന്നു. അവരുടെ ഭാഷ്യം ഇങ്ങനെയാണ് : ഉച്ചകഴിഞ്ഞു മൂന്നോടെ ബാലകൃഷ്‌ണന്‍ വാടിക്കല്‍ സ്‌കൂളിനു സമീപം നില്‍ക്കുകയായിരുന്നു. ഇപ്പോഴത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യാപിതാവ് എന്‍.ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ സി.പി.എം. ജാഥ വന്നത് അപ്പോഴാണ്. പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്, ജനസംഘം പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായ വാടിക്കല്‍ രാമകൃഷ്‌ണനെ ഒരാള്‍ വെട്ടുന്നതാണ്. വെട്ടുകൊണ്ട രാമകൃഷ്‌ണന്‍ നിലത്തുവീണു. സമീപം കണ്ടതു വിജയനെന്ന യുവാവിനെയാണ്. അക്കാലത്തു സി.പി.എം. യുവജനവിഭാഗമായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകനായിരുന്നു വിജയന്‍. പിന്നീടാണു പിണറായി വിജയനായി മാറിയത്. സംഭവത്തില്‍ വിജയനാണു മുഖ്യപ്രതിയെന്ന് അന്നേ അറിയാമായിരുന്നെന്ന് ഉമേഷ് പറയുന്നു. മഴുകൊണ്ടുള്ള വെട്ടേറ്റ് ആന്തരാവയവങ്ങള്‍ പുറത്തുവന്ന രാമകൃഷണനെ ജോണിയെന്ന ആളുടെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതാണു പിന്നെ കണ്ടതെന്നും ഉമേഷ് ജനം ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം 1969 ഏപ്രില്‍ 28ന് ആയിരുന്നു തലശ്ശേരിയിലെ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകനായിരുന്ന രാമകൃഷ്ണന്‍ ആക്രമിക്കപ്പെട്ടത്. ആ സംഭവത്തെക്കുറിച്ചാണ് 47 വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വിചിത്രമായ വിശദീകരണം വന്നിരിക്കുന്നു എന്നും ബിജെപി ആരോപിക്കുന്നത് ഇങ്ങനെയാണ് . വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ അന്ന് പിണറായി വിജയന്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ആ പിണറായി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെയും പിണറായിയെയും വെള്ളപൂശാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ അവകാശവാദമെന്ന് അനുമാനിക്കുന്നത് തികച്ചും യാഥാര്‍ത്ഥ്യ പൂര്‍ണ്ണമായിരിക്കും.
അങ്ങനെയല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം തയ്യാറാവേണ്ടതാണ്. ഒന്നാമതായി കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനുള്ള വരമ്പത്ത് കൂലിയായിരുന്നു രാമകൃഷ്ണന് നേരെയുണ്ടായതെങ്കില്‍ അന്ന് ‘ആര്‍എസ്എസുകാര്‍ ആക്രമിച്ച് തല തല്ലിപ്പൊളിച്ച’തായി പറയപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏതാശുപത്രിയിലാണ് ചികിത്സ തേടിയതെന്നും, ഏത് പോലീസ് സ്‌റ്റേഷനിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആക്രമിക്കപ്പെട്ടതായുള്ള കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വിശദീകരിക്കാന്‍ സിപിഎമ്മിന് ബാധ്യതയുണ്ട്.
വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെടുമ്പോള്‍ തലശ്ശേരിയിലുണ്ടായിരുന്നത് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്നു എന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നതാണ്. പോലീസിനെ വരുതിയില്‍ വരുത്തി സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. എന്നിട്ടുപോലും കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതായ കേസ് ആര്‍എസ്എസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജയരാജന്റെ കള്ളക്കഥയുടെ പൊള്ളത്തരം ബോധ്യപ്പെടുന്നതാണ്. മാത്രമല്ല വാടിക്കല്‍ രാമകൃഷ്ണനെ വധിക്കാന്‍ ആയുധവുമേന്തി വന്ന സംഘത്തില്‍ അന്ന് പിണറായി വിജയനോടൊപ്പം കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു എന്നതാണ് സത്യം.