
സ്വന്തം ലേഖകൻ
കണ്ണൂർ : ഇരിട്ടി ആറളം പയോറ ഏച്ചില്ലത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ വെട്ടും മർദനവുമേറ്റ നിലയിൽ കണ്ടെത്തി. ഏച്ചിലത്തെ കുന്നുമ്മൽ രാധയെയാണ് (58) പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് വീട്ടമ്മയെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ചെവി വെട്ടേറ്റ് മുറിഞ്ഞുതൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റിട്ടുണ്ട്.കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. പരിക്കേറ്റ രാധയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. ഇവർ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്.
ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. രാധയുടെ ഏകമകൾ ഭർതൃ വീട്ടിലാണ് താമസം. ഓടിയെത്തിയ നാട്ടുകാരോട് വീണ് പരിക്കേറ്റതാണെന്നാണ് രാധ പറഞ്ഞത്.
എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട്, മോഷ്ടാവാണ് ആക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വർണാഭരണങ്ങൾ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നും പിന്നീട് ഇവർ മൊഴി നൽകുകയായിരുന്നു.
ഇവരുടെ മൊഴികളിൽ വൈരുധ്യമുള്ളതായും മോഷണശ്രമം നടന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും പൊലീസ് അറിയിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിലായതിനാൽപൊലീസിന് കൂടുതൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.
എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് ചില നിർണായകമായ വിവരങ്ങൾ ലഭിച്ചതായും രണ്ടുപേർ ആറളം പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്.
ആറളം പൊലീസ് ഇൻസ്പെക്ടർ അരുൺദാസ്, പ്രിൻസിപ്പൽ എസ്.ഐ ശ്രീജേഷ്, അഡീ. എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. വീട് പൊലീസ് നിരീക്ഷണത്തിലാണ്.