തൊടുപുഴ: നാടിനെ ഞെ്ട്ടിച്ച ദാരുണ കൊലപാതകമാണ് തൊടുപുഴയിലെ വണ്ണപ്പുറത്ത് നടന്നിരിക്കുന്നത്. ഒരു കുടുംബത്തിലെ നാലുപേരെയാണ് ഒറ്റ കുഴിയില്‍ കുഴിച്ചുമൂടിയത്. ഇന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്. രണ്ടോ അതില്‍കൂടുതലോ ആളുകളുള്ള സംഘമാണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസ് നിഗമനം.
കൊല്ലപ്പെട്ട കൃഷ്ണനു മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമാകും. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
കൃഷ്ണനു മന്ത്രവാദമുണ്ടായിരുന്നെന്നും മന്ത്രവാദത്തിനായി ദൂരദേശങ്ങളില്‍നിന്നു പോലും ആളുകള്‍ കൃഷ്ണനെ തേടി എത്തിയിരുന്നെന്നും സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ ജനാലകളും വെന്റിലേഷനുകളുമെല്ലാം വായുസഞ്ചാരം പോലും കടക്കാത്ത വണ്ണം അടച്ചുകെട്ടിയ നിലയിലായിരുന്നുവെന്നതും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നതിന്റെ സൂചനയാണെന്നു പൊലീസ് പറയുന്നു.
മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനവും ഈ മൊഴികളും തെളിവുകളുമാണ്. അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു.
മോഷണ ശ്രമം കൊലപാതകത്തിലേക്കു നയിക്കാനുള്ള സാധ്യതയെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ അങ്ങനെയാണെങ്കില്‍ത്തന്നെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ മോഷ്ടാക്കള്‍ ശ്രമിക്കില്ലെന്ന യുക്തിയാണ് അന്വേഷണ സംഘം മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല മോഷ്ടാക്കള്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും വിട്ടില്‍ ഇല്ല താനും.
ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നു സംശയിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത മഴയായിരുന്നതിനാല്‍ പൊലീസ് ഡോഗ് സ്‌ക്വാഡിനും ഫൊറന്‍സിക് സംഘത്തിനും കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്.