സിഡ്‌നി :കുഴിക്കുന്ന സ്ഥലത്തെല്ലാം മൃതദേഹങ്ങൾ.ഞെട്ടിവിറച്ച് ഗവേഷകർ .ഓസ്ട്രേലിയയുടെ പടിഞ്ഞാറു ഭാഗത്തുള്ള ദ്വീപുനിരകളിലൊന്നാണ് ബീക്കൺ ഐലന്റ്. ‘മർഡർ ഐലന്റ്’ എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ. ‘ബറ്റേവീയയുടെ ശ്മശാനം’ എന്നും ചിലർ വിളിക്കുന്നു. ഓസ്ട്രേലിയ ഇന്നേവരെ കണ്ടതിൽവച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊന്ന് നടന്ന ദ്വീപ് എന്ന നിലയ്ക്കാണ് മർഡർ ഐലന്റിന് ആ പേരു വീഴുന്നത്. 1629ൽ, നെതർലൻഡ്സിൽ നിന്ന് ബറ്റേവീയയിലേക്ക് (ഇന്ന് ജക്കാർത്ത എന്നറിയപ്പെടുന്നയിടം) പോകുകയായിരുന്ന കപ്പൽവ്യൂഹത്തിൽ ഒരെണ്ണം ഓസ്ട്രേലിയയ്ക്കു സമീപം തകർന്നതാണ് ബീക്കൺ ഐലന്റിനെ മർഡർ ഐലന്റാക്കി മാറ്റുന്ന നിലയിലേക്ക് കാര്യങ്ങളെ മാറ്റിയത്. തങ്ങളിറങ്ങിപ്പുറപ്പെട്ടത് ഒരു അതിസാഹസികതയായിപ്പോയോ എന്ന ആശയക്കുഴപ്പത്തിലാണിപ്പോൾ ആർക്കിയോളജിസ്റ്റുകൾ. അത്രയേറെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നത്. ആരുടെ മൃതദേഹം, എന്താണവർക്കു സംഭവിച്ചത് എന്നു പോലും മനസ്സിലാകാത്ത വിധം സംശയങ്ങളും. കുഴിച്ചെടുക്കുന്ന ഓരോ കല്ലറയും ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരായിരം രഹസ്യങ്ങൾ.
കൊടുങ്കാറ്റിൽപ്പെട്ട് ഏഴു കപ്പലിൽ ഒന്നു മാത്രം കൂട്ടം തെറ്റിപ്പോയി പാറക്കെട്ടിലിടിച്ചു. യാത്രികരിൽ അറുപതോളം പേർ മുങ്ങി മരിച്ചു. ശേഷിച്ച 280നടുത്ത് യാത്രക്കാർ സമീപദ്വീപുകളിലേക്കു നീന്തിക്കയറി. ഇവരിൽ കുട്ടികളും സ്ത്രീകളും വയോജനങ്ങളുമെല്ലാമുണ്ടായിരുന്നു. ഒപ്പം പട്ടാളവും പൊലീസും നാവികരും. ചിലരാകട്ടെ അക്രമമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കപ്പലിൽ കലാപത്തിനും ശ്രമിച്ചു. അങ്ങനെ യാത്രക്കാർ പലവിഭാഗമായി പിരിഞ്ഞുണ്ടായ അക്രമമാണ് ബീക്കൺ ഐലന്റിന്റെ വിധി മാറ്റിയെഴുതിയത്. സ്ത്രീകൾ ക്രൂരമായ മാനഭംഗത്തിനിരയായി. കുട്ടികളെ നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തി.
ആ കലാപത്തിനു കാരണക്കാരായവരെ നാനൂറു വർഷം മുൻപേ ശിക്ഷിച്ചു. വിചാരണയ്ക്കൊടുവിൽ ചിലരെ തൂക്കികൊന്നു, ചിലരുടെ കൈവെട്ടി. ബാക്കിയുള്ളവരെ ബറ്റേവീയ ദ്വീപിലെത്തിച്ചു വധശിക്ഷ നടപ്പാക്കി. എന്നാൽ എത്ര പേർ സംഭവത്തിൽ കൊല്ലപ്പെട്ടു എന്നത് ഇപ്പോഴും അവ്യക്തമാണ്. അതിനാല്‍ത്തന്നെ ആർക്കിയോളജിസ്റ്റുകൾ അടുത്തിടെ ദ്വീപു കുഴിച്ച് ആ രഹസ്യം കണ്ടെത്താൻ രണ്ടും കൽപിച്ച് രംഗത്തിറങ്ങി. കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചകളും.
കുടിവെള്ളമാണ് കലാപത്തിലേക്കു നയിച്ചതെന്ന സംശയവും ഗവേഷണത്തിനിടെ ഉയർന്നുവന്നു. ചിതറിക്കിടന്നിരുന്ന ബീക്കൺ ഐലന്റിൽ പലയിടത്തും ഉപ്പുവെള്ളമായിരുന്നു. എന്നാൽ ശുദ്ധജലമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു പലരെയും മറ്റു ദ്വീപുകളിലേക്ക് വഞ്ചി കയറ്റിവിട്ടു. വലിയൊരു വിഭാഗം അങ്ങനെ പല ദ്വീപുകളിലായി മരിച്ചുവീണെന്നു കരുതുന്നു. ഈ ‘കയറ്റിവിടലി’നു നേതൃത്വം നൽകിയത് ഒരു വ്യാപാരിയായിരുന്നു. കോർണെലിസ് എന്നു പേരുള്ള അയാളാണ് നാൽപതോളം പേരെ ഒപ്പം കൂട്ടി ബാക്കിയുള്ളവരെ കൊന്നൊടുക്കിയത്. രക്ഷാകപ്പലുകൾ എത്തും മുൻപ് 115ഓളം പേർ കൊല്ലപ്പെട്ടെന്നാണു കരുതുന്നത്.
എന്നാൽ ഇവരെല്ലാം ഒരേവിധത്തിലല്ല കൊല്ലപ്പെട്ടത്. ഏറ്റവും പുതുതായി അഞ്ചു മൃതദേഹങ്ങളടങ്ങുന്ന ശവകുടീരം കണ്ടെത്തിയപ്പോഴാണ് ഗവേഷകർക്ക് അത്തരമൊരു സംശയമുണ്ടായത്. കൊലപ്പെടുത്തിയവരെ കുഴികുത്തി കൂട്ടത്തോടെ മണ്ണിട്ടു മൂടുന്നതായിരുന്നു അക്രമികളുടെ രീതി. അത്തരം മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാൽ പുതുതായി കണ്ടെത്തിയതിൽ കൃത്യമായ ചടങ്ങുകൾ നടത്തി സംസ്കരിച്ച രീതിയിലായിരുന്നു മൃതശരീരങ്ങൾ. കലാപം ആരംഭിക്കുന്നതിനു മുൻപ് മരിച്ചവരാകാം ഇതെന്നാണു പ്രാഥമിക നിഗമനം. ദ്വീപിലെ പല ഭാഗങ്ങളിൽ നിന്ന് ഇതിനോടകം പത്തിലേറെ അസ്ഥികൂടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.
ഡച്ച് ഗവേഷകരുടെ സഹായത്താൽ ആരെല്ലാമാണ് കപ്പലിലുണ്ടായിരുന്നെന്നു കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. മിക്കവരും ഹോളണ്ടുകാരല്ലെന്നാണ് ആദ്യഘട്ടത്തിൽ കണ്ടെത്തിയത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കപ്പലിൽ ജോലി തേടിയെത്തിയവര്‍ ആകാനാണു സാധ്യത. ബറ്റേവീയയിലേക്കുള്ള കപ്പലിന്റെ യാത്രയാകട്ടെ സുഗന്ധവ്യഞ്ജനങ്ങൾ ശേഖരിക്കാനായിരുന്നു. ദ്വീപിന്റെ മുക്കിലും മൂലയിലും ആധുനിക ശാസ്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ തന്നെ മർഡർ ഐലന്റിലെ യഥാർഥ സത്യം ലോകത്തിനു മുന്നിലെത്തിക്കാനാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം. അന്വേഷണ കണ്ടെത്തലുകളുമായി അധികം വൈകാതെ പഠനറിപ്പോർട്ടും പ്രസിദ്ധീകരിക്കും. ‘60 ന്യൂസ് ഓസ്ട്രേലിയ’ എന്ന ചാനൽ അടുത്തിടെ ഇതു സംബന്ധിച്ച ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു.