ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള തടസം ഒഴിവാക്കണം-പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാൻ ബന്ധപ്പെട്ട ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള എല്ലാ മലയാളികളുടെ കാര്യത്തിലും അവരുടെ കുടുംബാംഗങ്ങളെ പോലെത്തന്നെ സര്‍ക്കാരിനും ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ മുഖേന മാത്രമേ സാധിക്കൂ. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സങ്ങളും പ്രയാസങ്ങളും നേരുടുന്നതായി ജിസിസി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ഇപ്പോള്‍ തന്നെ ഗള്‍ഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആക്കിയിട്ടുണ്ടെന്നും അതിനിടയിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടി ഉടലെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികള്‍ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജക്ഷന്‍ പത്രം വേണമെന്ന് നിര്‍ബന്ധിക്കുകയാണ്. കോവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ എത്തിച്ചിരുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയയ്ക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തിലുളള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാന ടിക്കറ്റ് റീഫണ്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് എന്ന നിബന്ധന നീക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top