ആഹാരം തരൂ, നാട്ടിലേക്ക് പോകണം..തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി; ചങ്ങനാശേരിയിൽ ലോക്ക് ഡൗൺ ലംഘിച്ച് ആയിരത്തോളം “അതിഥി തൊഴിലാളികൾ” റോഡിൽ കുത്തിയിരുന്ന് സമരം.

കോട്ടയം: ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികളുടെ വന്‍ പ്രതിഷേധം. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തുന്നത്. ആയിരത്തോളം അതിഥി തൊഴിലാളികളാണ് റോഡിൽ ഇറങ്ങി പ്രതിഷേധം ആരംഭിച്ചത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ കൂട്ടത്തോടെ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ലോക്ക് ഡൗണ്‍ ലംഘിച്ചാണ് പ്രതിഷേധം. ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ കൂട്ടംചേരല്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്. തൊഴിലാളികളെ അനുനയിപ്പിക്കാന്‍ കളക്ടറുള്‍പ്പെടെ ഇടപെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഹാരവും യാത്രാ സൗകര്യവും ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നൂറുകണക്കിന് തൊഴിലാളികളാണ് രാവിലെ പതിനൊന്ന് മുതല്‍ പ്രതിഷേധിക്കുന്നത്. ആഹാരവും ചികില്‍സയും കിട്ടുന്നില്ലെന്ന് ആരോപിച്ച് ദേശീയപാതയില്‍ കുത്തിയിരിപ്പ് നടത്തുകയായിരുന്നു അവര്‍. കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ തങ്ങള്‍ക്ക് തൊഴില്‍ കിട്ടാതായി. ഇപ്പോള്‍ ആഹാരവും ലഭിക്കുന്നില്ല. ഇതോടെയാണ് റോഡിലേക്ക് ഇറങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. പായിപ്പാട് 10000ത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് പഞ്ചായത്തിന്റെ കണക്ക്. ഇത് കൃത്യമല്ല. തൊഴിലുടമകള്‍ കൃത്യമായ കണക്ക് കൈമാറിയിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ഇത്രയും തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത് ജില്ലാ ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കി. തൊഴിലുടമകളുടെ യോഗം പഞ്ചായത്ത് വിളിച്ചിരുന്നു. തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. കൂടുതല്‍ പോലീസിനെ പായിപ്പാടേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവല്ലയില്‍ നിന്ന് പോലീസ് പുറപ്പെട്ടുവെന്നാണ് വിവരം. കളക്ടറും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. ഭക്ഷണം കിട്ടുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് കളക്ടര്‍ പറഞ്ഞു. അവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്നു. ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും സാധനങ്ങളുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. നാട്ടിലേക്ക് പോകണമെന്നാണ് ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യമെന്നും കളക്ടര്‍ പറഞ്ഞു.

അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ചങ്ങനാശേരി എംഎല്‍എ സിഎഫ് തോമസ് പറഞ്ഞു. വര്‍ഷങ്ങളായി പായിപ്പാട് കഴിയുന്നവരാണിവര്‍. പലരും നാട്ടിലേക്ക് പോയി. കുറച്ചുപേരാണ് ഇപ്പോഴുള്ളത്. ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ട്രെയിന്‍ ഇല്ലാത്തതിനാല്‍ യാത്ര തടസപ്പെട്ടു. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കിയോ എന്നറിയാനാണ് തഹസില്‍ദാറോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിഎഫ് തോമസ് എംഎല്‍എ പറഞ്ഞു.

Top