ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144,949 ആയി.ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു

വാഷിങ്ടൻ : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,949 ആയി. ഇന്ന് 5,694 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 2,173,168 ആയി. ഇന്ന് 61,368 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57,062 പേരുടെ നില ആശങ്കാജനകമാണ്. 5,46,227 പേർ രോഗമുക്തരായി. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 941 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12380 ആയി. 1489 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വ്യാഴാഴ്ച മാത്രം 28 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 941 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12,759 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2919 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിൽ 187 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് (53), ഗുജറാത്ത് (36), ഡൽഹി (32), തെലങ്കാന (18), തമിഴ്നാട് (14) ആന്ധ്രാപ്രദേശ് (13) കർണാടക (13) ബംഗാൾ (7) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.

യുഎസില്‍ മരണം 33,903 ആയി. ഇന്ന് 1315 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണം 6,67,572 ആണ്. പുതിയതായി 19,424 പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിച്ചു. യുഎസിൽ കോവിഡ് ഏറ്റവുമധികം വ്യാപിച്ച ന്യൂയോർക്കിൽ ലോക്ഡൗൺ മേയ് 15 വരെ നീട്ടി. ഇറ്റലിയിൽ 22,170 പേരും സ്പെയിനില്‍ 19,130 പേരും മരിച്ചു. ഫ്രാൻസിൽ 17,920 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 13,729 ആണ് മരണസംഖ്യ. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ മൂന്നാഴ്ച കൂടി ലോക്‌ഡൗൺ നീട്ടി. സ്പെയിനിൽ 1,82,816 പേർ രോഗബാധിതരാണ്. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,68,941 ആയി ഉയർന്നു. ഫ്രാൻസിൽ 1,47,863, ജർമനിയിൽ 1,35,843, ബ്രിട്ടനിൽ 1,03,093 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനത്ത് തുർക്കിയാണ്. വ്യാഴാഴ്ച 4,801 പേർക്കാണ് തുർക്കിയിൽ രോഗം സ്ഥിരീകരിച്ചത്.

അതേസമയം പുതിയ കോവിഡ് രോഗികളുടെ കാര്യത്തിൽ അമേരിക്ക ആശങ്കാജനകമായ ഘട്ടം പിന്നിട്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ നീക്കാനാണ് ആലോചന. സ്റ്റേറ്റ് ഗവർണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

അതേസമയം കൊവിഡ് പരിശോധയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി. ചൈനയില്‍ നിന്നാണ് അഞ്ച്‌ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് എത്തിച്ചത്. രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലല്ല നിലവില്‍ രാജ്യമുള്ളത്. ഒരുദിവസം നാല്‍പതിനായിരത്തോളം ടെസ്റ്റുകള്‍ നടത്താന്‍ നിലവില്‍ സാധിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ മുപ്പതിനായിരത്തിനാല്‍പത് ടെസ്റ്റുകള്‍ നടത്തി. രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുതല്‍ കേരളത്തിലാണുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, നിലവിലെ ഘട്ടത്തിലും സമൂഹവ്യാപന സാധ്യത ആരോഗ്യമന്ത്രാലയം തള്ളിക്കളയുകയാണ്. ധാരാവിയില്‍ മാത്രം 71 കൊവിഡ് കേസുകളാണുള്ളത്. ഇന്ന് 11 ഓളം പേര്‍ക്കാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി റെഡ്‌സോണുകളില്‍ ശക്തമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top