തൊഴിലാളി സമരത്തിന് മുന്നില്‍ മുത്തൂറ്റ് ജോര്‍ജ്ജ് മുട്ടുമടക്കി; പുറത്താക്കിയവരെ തിരിച്ചെടുക്കും; 17 ദിവസം നീണ്ട തൊഴിലാളി സമരം വിജയിച്ചു

തിരുവനന്തപുരം: സംഘടനാ അവകാശത്തിനും മാന്യമായ തൊഴില്‍ സാഹചര്യത്തിനുവേണ്ടി മുത്തൂറ്റ് തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം വിജയിച്ചു. പണിമുടക്ക് പതിനേഴ് ദിവസം നീണ്ടതോടെ പ്രതിസന്ധിയിലായ മുത്തൂറ്റ് മാനേജ്‌മെന്റ് അഹങ്കാരം മാറ്റിവച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചതോടെ സമരം തീര്‍ക്കാന്‍ പോംവഴി ഉണ്ടായത്. ഇതോടെ മുത്തൂറ്റ് ഫിനാന്‍സിന്റെ എല്ലാ സ്ഥാപനങ്ങളും തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റും തൊഴിലാളി യൂണിയനും അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച പ്രതികാരനടപടികള്‍ പിന്‍വലിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ ജീവനക്കാരെ സംസ്ഥാനത്ത് നിയമിക്കാന്‍ മാനേജ്മെന്റ് സമ്മതിച്ചു. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിന് ജീവനക്കാര്‍ക്കെതിരെയെടുത്ത നടപടികള്‍ പിന്‍വലിക്കും. സംസ്ഥാനത്ത് സ്ഥലംമാറ്റിയവര്‍ക്ക് നിലവിലെ മേഖലയ്ക്കകത്ത് നിയമനം നല്‍കും. സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് സബ്സിസ്റ്റന്റ്സ് അലവന്‍സിന് പുറമെ ശമ്പളത്തിന്റെ 25 ശതമാനംകൂടി നല്‍കാമെന്നും സമ്മതിച്ചു.

ക്രിമിനല്‍ കേസില്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ പിന്‍വലിക്കും. മൂന്ന് ദിവസത്തെ പണിമുടക്കിന്റെപേരില്‍ ജീവനക്കാരുടെ 10 ദിവസത്തെ ശമ്പളം പിടിച്ചെടുത്തതില്‍നിന്ന് ഏഴ് ദിവസത്തെ ശമ്പളം തിരിച്ചുനല്‍കും. വ്യവസ്ഥകള്‍ ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരുത്തണം. ഇതുസംബന്ധിച്ച് ഇരുകക്ഷികളുടെയും അവലോകനയോഗം തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, കെ പി സഹദേവന്‍, കെ ചന്ദ്രന്‍പിള്ള, എം സ്വരാജ് എംഎല്‍എ, എ സിയാവുദ്ദീന്‍, സി സി രതീഷ്, നിഷ കെ ജയന്‍, ആര്‍ ബൈജു, മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഡയറക്ടര്‍ ഈപ്പന്‍ അലക്സാണ്ടര്‍, ജോണ്‍ വി ജോര്‍ജ്, സി വി ജോണ്‍ എന്നിവരും പങ്കെടുത്തു.

നവംബര്‍ 3 മുതലാണ് സമരം ആരംഭിച്ചത്. 17 ദിവസമാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. മുത്തൂറ്റ് ഫിനാന്‍സില്‍ സിഐടിയുവിന്റെ യൂണിയന്‍ രൂപീകരിച്ചതിന്റെ പ്രതികാര നടപടിയായാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. ഇതിനെതിരെ ആദ്യം സൂചന പണിമുടക്ക് നടത്തിയെങ്കിലും മാനേജ്മെന്റ് കടുംപിടുത്തും തുടര്‍ന്നു. ഇതോടൊണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാന്‍സ് ശാഖകളില്‍ മുഴുവന്‍ സമരം നടന്നു. നാട്ടിന്‍പുറം മുതല്‍ നഗരമേഖലകളില്‍ വരെ സമരം ശക്തമായിരുന്നു. മുത്തൂറ്റ് ശാഖകള്‍ സംസ്ഥാന വ്യാപകമായി ഇന്നും അടഞ്ഞ് തന്നെ കിടന്നു. രാവിലെ മുതല്‍ തന്നെ സമരക്കാര്‍ അതത് ബ്രാഞ്ചുകള്‍ക്ക് മുമ്പിലെത്തിയിരുന്നു. സ്ഥാപനം തുറക്കാനെന്ന പേരില്‍ മാനേജര്‍മാര്‍ മാത്രമാണ് വന്നത്. ജീവനക്കാരില്ലാത്തതിനാല്‍ ഒന്നും കാര്യമായ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പതിയെ സ്ഥലം വിടുകയാണ് ചെയ്തിരുന്നത്.
പ്രധാനപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഇങ്ങനെയാണ്:
1) സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ സംസ്ഥാനത്തിന് അകത്തേക്ക് മാറ്റുന്നതാണ്.
2) സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാത്തതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് എതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കും.
3) സസ്പെന്റ് ചെയ്ത ജീവനക്കാര്‍ക്ക് സബ്സിസ്റ്റന്‍സ് അലവന്‍സിന് പുറമെ ശമ്പളത്തിന്റെ 25% കൂടി നല്‍കുന്നതാണ്.
4) സംസ്ഥാനത്തിനകത്ത് സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് അവരവരുടെ റീജിയനകത്ത് പോസ്റ്റിങ്ങ് നടത്തും.
5) ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് എതിരെയുള്ള സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കും.
6) സമരം ചെയ്ത ജീവനക്കാര്‍ക്ക് എതിരെ പ്രതികാര നടപടികള്‍ ഒന്നും സ്വീകരിക്കില്ല.
7) കമ്പനിയുടെ എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നതാണ്.
8) സ്ഥാപനത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി മേലധികാരികള്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കിയും അച്ചടക്കം പാലിച്ചും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതാണ്.
9) 72 മണിക്കൂര്‍ പണിമുടക്കിന് 10 ദിവസത്തെ ശമ്പളം പിടിച്ചതില്‍ നിന്നും പണിമുടക്കിയ ദിവസം ഒഴിച്ച് 7 ദിവസത്തെ ശമ്പളം തിരിച്ചു തരുന്നതാണ്.
10) ഒരു മാസത്തിനുള്ളില്‍ ഈ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നടപ്പാക്കിയത് സംബന്ധിച്ച് ഇരു കക്ഷികളുടെയും ഒരു അവലോകന യോഗം ബഹുമാനപ്പെട്ട തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ക്കുന്നതാണ്.

Top