കണ്ണൂർ :കേരളത്തിലെ കോൺഗ്രസ് വെറും നോമിനേഷൻ പാർട്ടിയായി മാറിയെന്ന് സി.പി.എം നേതാവ് എം വി ജയരാജൻ .ദേശീയ പ്രസ്ഥാനത്തിൽ സുപ്രധാനമായ പങ്കുവഹിച്ച കോൺഗ്രസ് ഇന്ന് ദയനീയ പതനത്തിലാണ്. അതിനു കാരണം സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച ജനവിരുദ്ധ നയങ്ങളും നിലപാടുകളുമാണ് എന്നും ജയരാജൻ പറയുന്നു .ഏച്ചുകെട്ടി ഒരു പാർട്ടിയെ നന്നാക്കാനാവില്ല. ജനപക്ഷ നയമുണ്ടാവണം. അതില്ലാത്തതുകൊണ്ടുകൂടിയാണ് ജനാധിപത്യത്തിന് പകരം നോമിനേഷൻ മാത്രമുള്ള പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചത് എന്നും ജയരാജൻ പറയുന്നു .കോൺഗ്രസ്സ് ഭരണഘടനയിലില്ലാത്ത വർക്കിംഗ് പ്രസിഡന്റ് എന്ന പരീക്ഷണം കോൺഗ്രസ്സിനെ രക്ഷിക്കുമോ എന്ന ചോദ്യത്തിലൂടെ എം.എം ഹസ്സൻ വിയോജിപ്പ് വേറെ പ്രകടിപ്പിച്ചിട്ടുണ്ട് എന്നും ജയരാജൻ പറയുന്നു .രാജ്യസഭാ സീറ്റു വിവാദത്തിലൂടെ ഒതുക്കപ്പെട്ട ഒന്നും കിട്ടാത്ത എ ‘ഗ്രൂപ്പ് കലാപം മുണ്ടാക്കാൻ സാധ്യത ഉണ്ടെന്നും ജയരാജൻ സൂചന നൽകുന്നു . ചുറ്റുവട്ടം എന്ന എഫ് ബി പേജിലാണ് ജയരാജൻ പുതിയ കോൺഗ്രസ് കമ്മറ്റിയെ പരിഹസിച്ചുകൊണ്ട് കുറിപ്പ് എഴുതിയത്.
പോസ്റ്റ് പൂർണ്ണമായി:
വർക്കിംഗ് പ്രസിഡന്റുമാരും
വർക്ക് ചെയ്യാത്ത പ്രസിഡന്റുമാരും
ഉള്ളൊരു പാർട്ടി, അച്ചടക്കമുള്ള
ഒരാൾക്കൂട്ടമായി മാറിയോ..!?
========================
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചത് ഒരു വിദേശിയാണെങ്കിലും ദേശീയ പ്രസ്ഥാനത്തിൽ സുപ്രധാനമായ പങ്കുവഹിച്ച ഗാന്ധിജിയും നെഹ്‌റുവും കൃഷ്ണപിള്ളയും ഇഎംഎസ്സും എകെജിയുമെല്ലാം നയിച്ച പാർട്ടി കൂടിയാണ് കോൺഗ്രസ്. എന്നാലിന്ന് ദയനീയ പതനത്തിലാണ്. അതിനു കാരണം സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച ജനവിരുദ്ധ നയങ്ങളും നിലപാടുകളുമാണ്.
ഏച്ചുകെട്ടി ഒരു പാർട്ടിയെ നന്നാക്കാനാവില്ല. ജനപക്ഷ നയമുണ്ടാവണം. അതില്ലാത്തതുകൊണ്ടുകൂടിയാണ് ജനാധിപത്യത്തിന് പകരം നോമിനേഷൻ മാത്രമുള്ള പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചത്. കാൽ നൂറ്റാണ്ടിലേറെക്കാലമായി കെ.പി.സി.സി. നേതൃത്വത്തെ ഹൈക്കമാണ്ട് നോമിനേറ്റ് ചെയ്യുകയാണ് പതിവ്. ഏതൊരു പാർട്ടിയുടെയും നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് അതത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റുള്ളവർ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് അറിയാം. ഏറ്റവും വലിയ ജനാധിപത്യപാർട്ടിയെന്ന് അവകാശപ്പെടുന്നവർ ഏറ്റവും വലിയ നോമിനേഷൻ പാർട്ടിയായി അധഃപതിച്ചതാണ് മുഖ്യപ്രശ്‌നം.
ഹൈക്കമാന്റ് നോമിനേറ്റ് ചെയ്ത പുതിയ പ്രസിഡന്റാവട്ടെ, ”അകന്നുപോയവരെ തിരിച്ചുകൊണ്ടുവരുമെന്നും അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി കോൺഗ്രസ്സിനെ അനുവദിക്കില്ലെന്നും” ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസ്സ് ഭരണഘടനയിലില്ലാത്ത വർക്കിംഗ് പ്രസിഡന്റ് എന്ന പരീക്ഷണം കോൺഗ്രസ്സിനെ രക്ഷിക്കുമോ എന്ന ചോദ്യത്തിലൂടെ എം.എം ഹസ്സൻ വിയോജിപ്പ് വേറെ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് മോഹമുള്ള സുധാകരനാവട്ടെ തന്റെ മോഹം മറച്ചുവെച്ചതുമില്ല. പുത്തരിയിൽ തന്നെ കല്ലുകടി എന്നതാണ് പുതിയ നോമിനേറ്റഡ് പ്രസിഡന്റ് വന്നശേഷമുള്ള കോൺഗ്രസ്സിലെ അവസ്ഥ.
വർക്കിംഗ് പ്രസിഡന്റായവരെല്ലാം പ്രസിഡന്റ് മോഹികളായിരുന്നു. അവരടങ്ങിയിരിക്കുമോ? ഭാഗ്യം കടാക്ഷിക്കാത്ത വി.ഡി. സതീശൻ വെറുതെയിരിക്കുമോ? ഇത്തരമൊരു നോമിനേറ്റഡ് പ്രസിഡന്റിനെ കൊണ്ടുവരാനായി നാടുകടത്തപ്പെട്ട ഉമ്മൻചാണ്ടി പ്രതികരിക്കാതിരിക്കുമോ? പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനവുമില്ലാതെ ഒതുക്കപ്പെട്ട ‘എ’ ഗ്രൂപ്പിന് ഒന്നും പറയാനുണ്ടാവില്ലേ? ഈ ചോദ്യങ്ങളാണ് സ്വാഭാവികമായും ഉയർന്നുവരുന്നത്. രാജ്യസഭാ സ്ഥാനാർത്ഥിനിർണ്ണയ ഘട്ടത്തിൽ കോൺഗ്രസ്സിൽ ‘ടൂ മാൻ ഷോ’ ആയിരുന്നു. വൺമാൻ ഷോ അനുവദിക്കില്ലെന്നാണ് ഹൈക്കമാന്റ് നൽകുന്ന സന്ദേശം. വിഴുപ്പലക്കൽ ഇല്ലാതാക്കാൻ ഭരണഘടനയിലില്ലാത്ത വർക്കിംഗ് പ്രസിഡന്റ് പദവി കൊണ്ട് സാധിക്കുമോ?അകന്നവരുടെ കൂട്ടത്തിൽ ”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി” എന്ന പുസ്തകം രചിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രൻമാസ്റ്ററും ഉൾപ്പെടും. ഇവരെല്ലാം സ്വീകരിക്കുന്ന നിലപാടുകളെന്തെല്ലാമായിരിക്കും? ഇതിനെയൊക്കെ അതിജീവിക്കാനുള്ള പൂഴിക്കടകൻ തന്ത്രം പുതിയ നേതൃത്വത്തിന് ഉണ്ടാകുമോ?
”എതിരാളിയുടെ മർമ്മമറിഞ്ഞ് അടവുകൾ പ്രയോഗിക്കുന്ന കടത്തനാടൻ ശൈലിയാണ് പുതിയ നോമിനേറ്റഡ് കെ.പി.സി.സി. പ്രസിഡന്റിന്റെ കരുത്തെ”ന്നാണ് മനോരമയുടെ വിശേഷണം. ഈ കടത്തനാടൻ കരുത്ത് സ്വന്തം പാർട്ടിയിലെ മറ്റു ഗ്രൂപ്പുകാർക്കെതിരായി മർമ്മമറിഞ്ഞ് പ്രയോഗിക്കാനുള്ള കരുത്തായി തീരരുതേ എന്നാണ് സാധാരണ കോൺഗ്രസ്സുകാരുടേ തായി പുറത്തുവരുന്ന ചിന്ത.
– എം.വി. ജയരാജൻ