എംവി രാഘവനെ സഭയിലിട്ടു മര്‍ദ്ദിച്ചു; മനുഷ്യ രക്തം കുടിക്കുന്ന രാക്ഷസനാക്കി; എംവി നികേഷ് കുമാറിനോട് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍

കൊച്ചി: അഴിക്കോട് മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന എം വി നികേഷ് കുമാര്‍ ഒരു കാലത്ത് സിപിഎം വിരുദ്ധത പക്ഷത്തായിരുന്നു. തന്റെ തറവാട് കത്തിച്ച അച്ഛനെ വധിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയോട് നിശബ്ദമായ അകലം പാലിച്ചു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സിപിഎം കുപ്പായമിട്ട് സ്ഥാനാര്‍ത്ഥിയായി നികേഷ് രംഗത്തെത്തിയപ്പോള്‍ സിപിഎം അണികള്‍ തന്നെ ഞെട്ടിപ്പോയി….നികേഷിന്റെ ഈ മലക്കം മറിച്ചിലിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെഴുതിയ ലേഖനം ചര്‍ച്ചയാവുകയാണ്. ഏതാനും ചോദ്യങ്ങളും ഉമ്മന്‍ ചാണ്ടി നികേഷിനോട് ചോദിക്കുന്നു…

ലേഖനത്തിന്റ പുര്‍ണരൂപം ചുവടെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള നിയമസഭയെ ദീര്‍ഘകാലം തൊട്ടടുത്തു നിന്നു കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാന്‍. നിയമസഭയില്‍ എത്രയെത്ര സംഭവങ്ങള്‍. എന്നാല്‍ എന്നെ ഏറ്റവുംവേദനിപ്പിച്ചത് എം വി രാഘവനെ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയ ദാരുണ രംഗമാണ്.

1987ല്‍ നായനാര്‍ സര്‍ക്കാര്‍ ഭരണമേറ്റ് മൂന്നു മാസത്തിനകമായിരുന്നു എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിലെ തിരഞ്ഞെടുപ്പ്. സിപിഐ(എം) കള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കള്ളവോട്ട് നടത്തി ആശുപത്രി ഭരണം പിടിച്ചെടുത്തു. ആശുപത്രി ഭരണസമിതിയുടെ പ്രസിഡന്റായ എം വിആറിനുപോലും വോട്ടുചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നു. വോട്ടുചെയ്യാനെത്തിയ അദ്ദേഹത്തെ പോളിങ് സ്റ്റേഷനില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു.

ആശുപത്രി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് 1987 ജൂലായ് ഒന്നിന് എം വി രാഘവന്‍ ഉന്നയിച്ച സബ്മിഷനാണ് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. സഹകരണവകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ വകുപ്പിലെ അഴിമതി സംബന്ധിച്ച സബ്മിഷന് തെറ്റായ മറുപടി നല്‍കുകയാണെന്ന് എം വിരാഘവന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയുടെ കള്ളഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇതാ എന്നു പറഞ്ഞ് ചില കടലാസുകളുമായി മന്ത്രിക്കടുത്തേക്ക് ചെന്നു. എന്നാല്‍ ടി.കെ. അത് സ്വീകരിച്ചില്ല. തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന കടലാസ് രാഘവന്‍ മന്ത്രിയുടെപോക്കറ്റിലേക്ക് വച്ചുകൊടുക്കാന്‍ ശ്രമിച്ചു.

ബദ്ധശത്രുവായി മാറിയ എം വിആറില്‍ നിന്നും ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സിപിഐ(എം) എംഎ!ല്‍എമാര്‍ക്ക് സഹിക്കാനായില്ല. മന്ത്രിയെ എം വി രാഘവന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നു പറഞ്ഞ് സിപിഐ(എം) അംഗങ്ങള്‍ ചാടിവീണ് നിയമസഭയുടെ നടുത്തളത്തിലിട്ട് എം വിആറിനെ ക്രൂരമായി മര്‍ദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. വീണുകിടന്ന എം വിആറിനെ വളഞ്ഞിട്ടു ചവിട്ടി. സ്പീക്കര്‍ സഭ നിര്‍ത്തി ചേംബറിലേക്കുപോയി. രാഘവനെ മെഡിക്കല്‍കോളജ് ആശുപത്രിയിലാക്കി. സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ അദ്ദേഹത്തെ ജൂലൈ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പ്രമേയത്തിലൂടെ തീരുമാനിച്ചു. മര്‍ദ്ദിച്ച ഇടത് എംഎ!ല്‍എമാര്‍ക്കെതിരെ നടപടിയുണ്ടായില്ല

വേട്ടയാടപ്പെട്ട മന്ത്രി

1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുകയും എം വിആര്‍ കഴക്കൂട്ടത്തുനിന്ന് ജയിച്ച് സഹകരണ മന്ത്രിയാകുകയും ചെയ്തു. സഹകരണ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ഒട്ടേറെ നടപടികള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. സംഘങ്ങളിലെവോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, സംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി മൂന്നു വര്‍ഷമാക്കല്‍ തുടങ്ങിയ വ്യവസ്ഥകളടങ്ങിയ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഐ(എം) അംഗങ്ങള്‍ ബഹളം വച്ച് ബില്‍ തടസപ്പെടുത്താന്‍നോക്കി. ബില്‍ പാസായതിനെത്തുടര്‍ന്ന് മന്ത്രിയെ തെരുവില്‍ വേട്ടയാടി. അദ്ദേഹം സഞ്ചരിച്ച ട്രെയിന് നേരെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ കല്ലെറിഞ്ഞു.

1993ല്‍ എ.കെ.ജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ അക്രമം പാരമ്യത്തിലെത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാലായിരത്തില്‍പ്പരം കള്ളവോട്ടര്‍മാരെ നീക്കിയശേഷം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു. തുടര്‍ന്ന് സംഭവിച്ചത് എം വി രാഘവന്‍ ഒരു ജന്മം’ എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം പറയുന്നത് ഇപ്രകാരം: തോല്‍വിയില്‍ സിപിഐ(എം) സംഹാരതാണ്ഡവമാടി. ജില്ലയാകെ ഗുണ്ടാവിളയാട്ടത്തിന്‍ കീഴെയായി. എന്റെ ജാമാതാവ് കുഞ്ഞിരാമന്റെ പറമ്പിലെ കാര്‍ഷികവിളകള്‍ നശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പറശനിക്കടവിലെ സര്‍പ്പോദ്യാനം ആക്രമിക്കപ്പെട്ടു. മിണ്ടാപ്രാണികളെ ചുട്ടുകൊന്നു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി.”

എം വിആര്‍ മുന്‍കൈ എടുത്തു തുടങ്ങിയ ഈ സ്ഥാപനം അടുത്ത ഭരണമാറ്റത്തില്‍ സിപിഐ(എം) പിടിച്ചെടുക്കുകയും ചെയ്തു. വടക്കന്‍ മലബാറിന്റെ ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ടാണ് 1996 ജനുവരി രണ്ടിന് പരിയാരം സഹകരണ മെഡിക്കല്‍കോളജ് ഉദ്ഘാടനം ചെയ്തത്. ഇതും എം വിആറിന്റെ പദ്ധതിയായിരുന്നു. മെഡിക്കല്‍കോളജിനെ ആദ്യമേതന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് എതിര്‍ത്തു. കോഴിക്കോട് മെഡിക്കല്‍കോളജ് ഉള്ളപ്പോള്‍ കണ്ണൂരില്‍ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മെഡിക്കല്‍കോളജ് തുടങ്ങിയാല്‍, സമീപവാസികള്‍ക്ക് ഇവിടെനിന്നു പുല്ലുചെത്താന്‍ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി.

സിപിഎമ്മിന്റെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അത്യാധുനിക സൗകര്യമുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അവിടെ ഉയര്‍ന്നു. മെഡിക്കല്‍കോളജ് ഉദ്ഘാടനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി എ.ആര്‍. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നപ്പോള്‍, കണ്ണൂരിലേക്കു കടക്കാതിരിക്കാന്‍ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരന്‍ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റര്‍ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിര്‍മ്മിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. അടുത്ത ഭരണമാറ്റത്തില്‍ തന്നെ സിപിഐ(എം) ഈ ആശുപത്രിയുടെ ഭരണവും പിടിച്ചെടുത്തു.

കൂത്തുപറമ്പ് വെടിവയ്പ്

ഇതിനെല്ലാം മകുടം ചാര്‍ത്തുന്നതാണ് കൂത്തുപറമ്പ് വെടിവയ്പ്. കൂത്തുപറമ്പ് നഗരഹൃദയത്തില്‍ മനോഹരമായ ഒരു രക്തസാക്ഷി മണ്ഡപമുണ്ട്. 850 ചതുരശ്രയടി വീതിയില്‍ 45 അടി ഉയരത്തിലുള്ള ഈ മണ്ഡപം പത്തുലക്ഷം രൂപ മുടക്കി ആറുമാസം കൊണ്ടാണിത് നിര്‍മ്മിച്ചത്. എം വിആര്‍ എന്ന വര്‍ഗശത്രുവിനെതോല്പിക്കാന്‍ സിപിഐ(എം) കുരുതികൊടുത്ത അഞ്ചു യുവാക്കളുടെ പാവനസ്മരണകള്‍ ഇതിലുറങ്ങുന്നു. ഇവിടെനിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ചൊക്ലി നോര്‍ത്ത് മേനപ്പുറം പുതുക്കുടിയിലുമുണ്ട് ഒരു രക്തസാക്ഷി മണ്ഡപം’. അവിടെ പുഷ്പന്‍ കിടക്കുന്നു. കൂത്തുപറമ്പ് വെടിവയ്പിനിടയില്‍ കഴുത്തിനു വെടിയേറ്റ് ശരീരം മൊത്തം തളര്‍ന്നുപോയ പുഷ്പന്‍. രണ്ടു ദശാബ്ദമായി പുഷ്പന്‍ ഒരേ കിടപ്പിലാണ്. ആള്‍ ചെറുതായി ചെറുതായി വരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന നിലയില്‍ പാര്‍ട്ടി പുഷ്പനെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു.

കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഐക്യകേരളം കണ്ട ഏറ്റവും വലിയ വെടിവയ്പുകളിലൊന്നായ കൂത്തുപറമ്പ് വെടിവയ്പ്. 1994 നവം 26ന് ഉച്ചയ്ക്ക് ഉദ്ഘാടനത്തിന് മന്ത്രി കൂത്തുപറമ്പ് ടൗണ്‍ഹാളിന് 30 മീറ്റര്‍ അകലെ എത്തിയപ്പോള്‍ വാഹനവ്യൂഹത്തിന്റെ യാത്രനിലച്ചു. ആയിരക്കണക്കിന് പേര്‍ വഴി തടഞ്ഞിരിക്കുന്നു.പൊലീസ് ലാത്തിവീശി വഴിയുണ്ടാക്കി മന്ത്രിയെ ടൗണ്‍ഹാളിലേക്കു നയിച്ചു. ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. സിപിഐ(എം) ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധത്തിനിടയില്‍ മന്ത്രി ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.പൊലീസിന്റെ കനത്ത സംരക്ഷണത്തില്‍ മന്ത്രി പുറത്തിറങ്ങി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി. തുടര്‍ന്നായിരുന്നു വെടിവയ്പ്. കൂത്തുപറമ്പ് വെടിവയ്പിനെ തുടര്‍ന്ന് കണ്ണൂര്‍ കത്തി. രണ്ടു ദിവസം ജില്ലയിലുടനീളം കൊള്ളയും കൊള്ളിവയ്പും നടന്നു. പാപ്പിനിശേരിയില്‍ എം വിആറിന്റെ കുടുംബവീട് മണ്ണെണ്ണയൊഴിച്ച് തീയിട്ടു.

മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയെപ്പോലെ മന്ത്രി എം വി രാഘവന്‍, ഡ്രാക്കുളയുടെ ചിരി, ഇളംചോരമോന്തിയ രാഘവന്റെ ക്രൗര്യം,പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങള്‍, വെടിയേറ്റു വീണത് നാടിന്റെ ഓമനകള്‍, കൊലക്കുറ്റത്തിനുകേസെടുക്കണം തുടങ്ങിയ തലക്കെട്ടുകളോടെയാണ് അടുത്ത ദിവസംദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇല്ല, ഇത് കേരളം പൊറുക്കില്ല എന്ന് മുഖപ്രസംഗവും എഴുതി.പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങള്‍ എന്ന തലക്കെട്ടോടെ ഒരുപേജ് നിറയെ ചിത്രങ്ങളും.

1996ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ കൊലക്കുറ്റം ചുമത്തി എം വിആറിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു കോടതി മൂന്നു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെ നടന്ന കാര്യങ്ങള്‍ എം വിആര്‍ ആത്മകഥയില്‍ പറയുന്നത് ഇപ്രകാരം: ആശുപത്രിയില്‍ എന്നെ കാണാന്‍ എത്തിയ മക്കളെപൊലീസ് കടത്തിവിട്ടില്ല. ഭാര്യ ജാനകി വന്നപ്പോഴും കാണാന്‍ അനുമതി നിഷേധിച്ചു. ഭക്ഷണവുമായി വന്ന മകന് ഭക്ഷണപ്പാത്രംപൊലീസ് ഉദ്യോഗസ്ഥനു കൈമാറി മടങ്ങേണ്ടി വന്നു. ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍ എന്നീ എംഎ!ല്‍എമാരേയും ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ എംപിമാരേയും സുജനപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും എന്നെ കാണുന്നതില്‍ നിന്നുപൊലീസ് വിലക്കി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നേതാക്കളും എന്റെ മക്കളും ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്നു.”

എം വിആര്‍ സ്വപ്നം കണ്ട വിഴിഞ്ഞം പദ്ധതി നമുക്ക് യാഥാര്‍ത്ഥ്യമാക്കാനായി. അദ്ദേഹം ഇന്നു നമ്മോടൊപ്പമില്ല. അന്നത്തേതില്‍ നിന്ന് എം.വി രാഘവനോടുള്ള സിപിഎമ്മിന്റെ സമീപനത്തില്‍ ഇപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടോ എല്ലാ വര്‍ഷവും കൂത്തുപറമ്പ് രക്തസാക്ഷി ദിനം പാര്‍ട്ടി ആചരിക്കുന്ന സാഹചര്യത്തില്‍, കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരോടും സിപിഎമ്മിന് എന്തു ന്യായീകരമാണുള്ളത് അദ്ദേഹത്തിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ എന്തു സന്ദേശമാണ് സിപിഐ(എം) നല്കുന്നത് അച്ഛനോടു പാര്‍ട്ടി ചെയ്ത കൊടുംപാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോ തറവാടിനു തീവച്ചവരോടൊപ്പം നടക്കുന്ന അനന്തരവന്‍ എന്ന് എം വിആറിന്റെ സഹോദരി എം വി ലക്ഷ്മി പറഞ്ഞതിനു മറുപടിയുണ്ടോ രാഷ്ട്രീയകേരളം ഉത്തരംകേള്‍ക്കാന്‍ കാത്തിരിക്കുന്നു.

( കടപ്പാട്: കേരളകൗമുദി )

Top