കോഴിക്കോട് :കേരളത്തിൽ രണ്ട് പിളർപ്പിലൂടെ കോൺഗ്രസുകാരെ സി.പി.എമ്മിൽ എത്തിച്ചത് ആന്റണി കോൺഗ്രസും കെ മുരളീധരും ആണെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ ആരോപിച്ചു .രണ്ട് പിളർപ്പിന്റെ നേരിട്ട കോൺഗ്രസിന് വൻ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് .ചെങ്ങന്നൂർ പരാജയം മൂലം പാർട്ടിയുടെ അടിത്തറ തകർന്നു എന്ന് വിലപിക്കുന്നവർ അടിത്തറ തകർക്കാൻ ഓരോ ഘട്ടത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു വഹിച്ചവരും ഇപ്പോൾ അലമുറയിടുന്നുണ്ടെന്ന വസ്തുത കാണാതിരുന്നു കൂടാ എന്നും സുബ്രമണ്യൻ ആരോപിക്കുന്നു.ചെന്നിത്തലയുടെ വാർഡിലെ വോട്ടു ചോർച്ചയിൽ വിലപിക്കുന്നവർ കഴിഞ്ഞ ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതു പരിശോധിക്കണം.
കെ മുരളീധരൻറ്‍റെ വീട് ഉൾപ്പെടുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി എം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ഈ വാർഡിൽ നിന്നു കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജയിച്ചത് ബി ജെ പിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എം കെ രാഘവനും ഈ ബൂത്തിൽ പിന്നിലാണ്. ഇതിന്റെ പേരിൽ പക്ഷേ കെ മുരളീധരനെ ആക്ഷേപിക്കാനോ കടന്നാക്രമിക്കാനോ ആരും വന്നിട്ടില്ല എന്നും മുരളിക്ക് എതിരെ കടുത്ത ആരോപണം ഉന്നയിച്ചു തന്റെ ഫെയിസ് ബുക്കിലൂടെയാണ് എൻ സുബ്രമണ്യൻ മുരളിക്കും ആന്റണി കോൺഗ്രസുകാർക്കും എതിരെ കടന്നാക്രമണം അഴിച്ചുവിട്ടത് .പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കാസിനുള്ള ഐ ഗ്രൂപ്പ് നീക്കമാണ് സുബ്രമണ്യൻറെ പോസ്റ്റിലൂടെ വ്യക്തമാകുന്നതും കഴിഞ്ഞ ദിവസങ്ങളിൽ യുവ എൽ എൽ എ മാരുടെ പോസ്റ്റുകളും പ്രതികരണങ്ങളും .
സ്വന്തം ബൂത്തിൽ വോട്ട് കുറയാതിരിക്കാനും മണ്ഡലത്തിൽ സജീവമാകുകയാണ് എന്ന് പ്രതികരിച്ചുകൊണ്ട് ചെന്നിത്തലക്ക് എതിരെ മുരളി ഒളിയമ്പ് എറിഞ്ഞിരുന്നു .രാജ്യസഭയിലേക്ക് ആരു പോകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.പ്രതികരിച്ചിരുന്നു . പ്രായത്തിന്റ പേരില്‍ ആരേയും മാറ്റി നിര്‍ത്തുകയോ വിലകുറച്ച് ചിത്രീകരിക്കുകയോ ചെയ്യരുതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പ്രായം അയോഗ്യതയല്ല. കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയാണ് പ്രധാനം. രാജ്യസഭയില്‍ ഒക്കെ പ്രായമായവരാണ് നല്ലത്. നമുക്കൊക്കെ മല്‍സരിച്ച് ജയിക്കാനുള്ള ത്രാണി ഉണ്ടല്ലോ– അദ്ദേഹം പറഞ്ഞു.പി.ജെ.കുര്യനെതിരെ കോണ്‍ഗ്രസില്‍ യുവനേതാക്കളുടെ കലാപം ശക്തമായതിന് പിന്നാലെയാണ് പ്രതികരണം.ചെങ്ങന്നൂര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ തീരില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേമത്ത് മൂന്നാം സ്ഥാനത്ത് പോയതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിലേക്ക് തിരിച്ചുവരുമായിരുന്നു. തോല്‍വികളെ ന്യായീകരിക്കാന്‍ കെ.കരുണാകരന്‍റ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞിരുന്നു .
എൻ സുബ്രഹ്മണ്യന്റെ പോസ്റ്റ് :
കോൺഗ്രസിന്റെ അടിത്തറ തകർന്നു എന്ന മുറവിളി ചെങ്ങന്നൂർ പരാജയത്തിന്റെ പിറ്റേന്ന് മുതൽ പാർട്ടിയുടെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. . അടിത്തറ തകർക്കാൻ ഓരോ ഘട്ടത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു വഹിച്ചവരും ഇപ്പോൾ അലമുറയിടുന്നുണ്ടെന്ന വസ്തുത കാണാതിരുന്നു കൂടാ. പാർട്ടിക്ക് ശോഷണം സംഭവിച്ചു , ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ വിലപിക്കുന്നവർ സ്വയം വിലയിരുത്തലും സ്വയം വിമർശനവും നടത്തണം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴേക്കും പാർട്ടിയെ കൊച്ചാക്കുകയും പൊതുജന മധ്യത്തിൽ തരം താഴ്ത്തുകയും ചെയ്യുന്ന നടപടി ഉത്തരവാദപ്പെട്ടവർ സ്വീകരിക്കരുത്.
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ രണ്ടു തവണ പിളർപ്പിന്റെ ദുര്യോഗം നേരിട്ട പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. 1978 ൽ എ കെ ആൻറണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു സി പി എം പക്ഷത്തേക്ക് പോയി. ഇടതുപക്ഷത്തോടൊപ്പം മത്സരിക്കുകയും സർക്കാരിൽ പങ്കാളിയാവുകയും ചെയ്‌തു. 1982 ൽ അവർ കോൺഗ്രസിൽ തിരിച്ചു വന്നപ്പോൾ കൂടെക്കൊണ്ടു പോയവരിൽ ഗണ്യമായ വിഭാഗത്തെ തിരികെ കൊണ്ടു വരാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് പാർട്ടിയുടെ താഴെക്കിടയിൽ പ്രവർത്തിക്കുന്നവരെ. അവരെ സി പി എമ്മിനു സംഭാവന ചെയ്താണ് അവർ തിരിച്ചു വന്നത്. കോൺഗ്രസിനു മേൽക്കൈ ഉണ്ടായിരുന്ന നിരവധി സഹകരണ സ്ഥാപനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സി പി എമ്മിന്റെ സ്വന്തമായി മാറിയതു അ ങ്ങനെയാണ്.
കെ കരുണാകരനും കെ മുരളീധരനും ചേർന്നു കോൺഗ്രസ് പിളർത്തി ഡി ഐ സി ഉണ്ടാക്കുകയും പിന്നീട് തിരിച്ചു വരികയും ചെയ്തിട്ട് ഏറെക്കാലം ആയിട്ടില്ല. കെ പി സി സി പ്രസിഡന്റ് പദത്തിലിരുന്നു കൊണ്ടാണ് മുരളീധരൻ ഡി ഐ സിക്കു വിത്തു വിതച്ചത്. കോൺഗ്രസിനും യു ഡി എഫിനും വലിയ ആഘാതമാണ് ഈ പിളർപ്പ് മൂലം സംഭവിച്ചത്. അതിൽ നിന്നു പാർട്ടിക്കു ഉയർത്തെഴുന്നേൽക്കാൻ ഏറെ സമയം വേണ്ടി വന്നു. സി പി എമ്മിലെ വിഭാഗീയത മൂലം ഇടതുപക്ഷത്തു ഇടം കിട്ടാത്തതു കൊണ്ടു മാത്രമാണ് അവർ തിരിച്ചു വന്നത്. ഡി ഐ സി പിരിച്ചു വിട്ട ശേഷം പിന്നീട് എൻ സി പിയിലേക്ക് പോയി അതുവഴിയാണ് കോൺഗ്രസിലെത്തിയത്. ഈ യാത്രക്കിടയിൽ പഴയ കാല കോൺഗ്രസുകാരായ കുറേപേർ വഴിയിൽ തങ്ങി . ഡി ഐ സി വിട്ടു എൻ സി പിയിൽ പോകാൻ മടിയുള്ളവർ സി പി എമ്മിലേക്ക് മാറി. എൻ സി പി വിട്ടു കോൺഗ്രസിൽ വന്നപ്പോൾ കുറേപേർ എൻ സി പിയിൽ തന്നെ നിലകൊണ്ടു. കോൺഗ്രസിനു മേധാവിത്തം ഉണ്ടായിരുന്ന എത്രയോ സഹകരണ സംഘങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇതിനിടയിൽ സി പി എമ്മിന്റെ കയ്യിലായി.
പാർട്ടിയുടെ അടിത്തറ തകർന്നു എന്നു വിലപിക്കുന്നവർ ഈ രണ്ടു സംഭവങ്ങളെയും വസ്തുതാപരമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് അടങ്ങുന്ന ബൂത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്നിലായതിനെ കുറിച്ച് പരസ്യമായി വിലപിക്കുന്നവർ കഴിഞ്ഞ ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതു പരിശോധിക്കണം. കെ മുരളീധരൻറ്‍റെ വീട് ഉൾപ്പെടുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി എം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ഈ വാർഡിൽ നിന്നു കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജയിച്ചത് ബി ജെ പിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എം കെ രാഘവനും ഈ ബൂത്തിൽ പിന്നിലാണ്. ഇതിന്റെ പേരിൽ പക്ഷേ കെ മുരളീധരനെ ആക്ഷേപിക്കാനോ കടന്നാക്രമിക്കാനോ ആരും വന്നിട്ടില്ല.
കോൺഗ്രസിൽ നിന്നു പിളർന്നു പോയ ശേഷം പാർട്ടി നേതാക്കളെ അധിക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്തത് സാമാന്യ മര്യാദ പോലും കാണിക്കാതെയായിരുന്നു. അലൂമിനിയം പട്ടേലെന്നും ഉമ്മൻകോൺഗ്രസെന്നും മദാമ്മ കോൺഗ്രസെന്നുമുള്ള വിളികൾ കോൺഗ്രസ് പ്രവർത്തകർ മറന്നിട്ടില്ല. സോണിയാ ഗാന്ധിയെ മദാമ്മ എന്നു വിളിച്ചത് അവരുടെ ഇറ്റാലിയൻ പൗരത്വം ഓർമ്മിപ്പിക്കാനായിരുന്നു. കേരളത്തിലെ കോൺഗ്രസിനെ ഉമ്മൻ കോൺഗ്രസെന്ന് വിളിച്ചതു ക്രിസ്ത്യൻ കോൺഗ്രസ് എന്നു ആക്ഷേപിക്കാനായിരുന്നു . ഇതൊക്കെ ചെയ്തവർ ഇന്നു പാർട്ടിയെ വിമർശിക്കുമ്പോൾ അതിനു അർഹത ഉണ്ടോ എന്നു സ്വയം പരിശോധിക്കണം. തിരിച്ചു വന്നപ്പോൾ രണ്ടു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സി പി എം ചെയ്യുന്നതു പോലെ ബ്രാഞ്ചിൽ ഇരുത്തുകയല്ല ചെയ്തത്. വെറുതെ മലർന്നു കിടന്നു മേല്പോട്ടു തുപ്പരുത് എന്നു വിനയപുരസ്സരം ഓർമ്മിപ്പിക്കുന്നു.