
തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വരുന്ന ഒക്ടോബറിൽ വിവാഹിതരാകും. നാഗചൈതന്യ തന്നെയാണ് ഇക്കാര്യം മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചത്. വിവാഹത്തീയതി, സ്ഥലം തുടങ്ങിയ കാര്യങ്ങൾ വൈകാതെ അറിയിക്കുമെന്നും നാഗചൈതന്യ പറഞ്ഞു. പുതിയ ചിത്രമായരാരണ്ടി വെടുക്ക ചൂഡത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നാഗചൈതന്യ മനസു തുറന്നത്. തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ.
ഇരു വീട്ടുകാരുടെയും ആചാരങ്ങൾക്ക് അനുസരിച്ചാകും വിവാഹച്ചടങ്ങുകൾ നടക്കുക. അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഹൈദരാബാദിനാണ് മുൻഗണന നൽകുന്നത്. ബാലിയിൽ വച്ച് ക്രൈസ്തവാചാര പ്രകാരം വിവാഹം നടത്തണമെന്നാണത്രേ വധൂവരന്മാരുടെ ആഗ്രഹം. ഈ വർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം അടുത്ത വർഷം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ നാഗചൈതന്യയുടെ അർദ്ധ സഹോദരനും നടി അമലയുടെ മകനുമായ അഖിൽ അക്കിനേനിയുടെ മേയിൽ നടക്കാനിരുന്ന വിവാഹം മുടങ്ങി. ഇതോടെ നാഗചൈതന്യയുടെ വിവാഹം ഉടൻ തന്നെ നടത്താൻ ഇരുവീട്ടുകാരും തീരുമാക്കുകയായിരുന്നു. കരാറൊപ്പിട്ട ചിത്രങ്ങൾ തീർക്കുന്ന തിരക്കിലാണ് ഇരുവരും. ആറു ചിത്രങ്ങളിലാണ് സാമന്ത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.