വിദേശരാജ്യങ്ങളില്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം ആഢംബരമായിരിക്കുമെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെങ്കില്‍ തെറ്റി. മോദിയുടെ വിമാനത്തില്‍ മദ്യം പോലും വിളമ്പുന്നില്ല എന്നതാണ് സത്യം. ഏതുനേരവും വിദേശത്ത് കറങ്ങുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് മറ്റ് വിമനങ്ങളില്‍ നിന്ന് ഏറെ പ്രത്യേകതകളുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് പോലെ പ്രവര്‍ത്തിക്കുന്ന വിമാനത്തില്‍ മിക്കവാറും ഓഫീസ് സജ്ജീകരണങ്ങളെല്ലാമുണ്ട്. സാധാരണ നെടുങ്കന്‍ വിമാനയാത്രകളില്‍ മദ്യം വിളമ്പാറുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ വിമാനത്തില്‍ അതില്ല. ഒരുതരത്തിലുള്ള മദ്യവും ഈ വിമാനത്തില്‍ ലഭ്യമല്ല. ബോയിങ് 747 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് പ്രധാനമന്ത്രിക്കായി ഉപയോഗിക്കുന്നത്. വിനോദോപാധികളൊന്നും ലഭ്യമല്ലാത്തതിനാല്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഉറങ്ങുകയോ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുകയോ മാത്രമാണ് പോംവഴി.
പ്രധാനമന്ത്രിയുടെ വിമാനത്തിലെ മെനുവിനുമുണ്ട് പ്രത്യേകത. പക്കാ വെജിറ്റേറിയനാണ് മോദി. അതുകൊണ്ടുതന്നെ വിമാനത്തില്‍ പ്രാധാന്യം വെജിറ്റേറിയനാണ്. സസ്യേതര ഭക്ഷണം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് ലഭിക്കും. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനോ ഭക്ഷണം കഴിക്കുന്നവര്‍ക്കോ വിമാനത്തില്‍ യാതൊരു വിലക്കുമില്ല.
25 വര്‍ഷത്തില്‍ത്താഴെ പഴക്കമുള്ള ബോയിങ് വിമാനങ്ങളാണ് വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്. എയര്‍ ഇന്ത്യ വണ്‍ എന്നറിയപ്പെടുന്ന വിമാനം വ്യോമസേനയാണ് നിയന്ത്രിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നാണ് എയര്‍ ഇന്ത്യ വണ്‍ പ്രവര്‍ത്തിക്കുന്നത്.