ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരായ തെളിവുകള്‍ ഇറ്റലി കൈമാറിയാല്‍ കടല്‍കൊല കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് നരേന്ദ്രമോദി ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഏജന്റ് ക്രിസ്റ്റ്യന്‍ മൈക്കല്‍ കടല്‍ കൊലക്കേസ് അന്വഷിക്കുന്ന അന്താരാഷ്ട്ര ട്രിബ്യുണലിന് കത്തയച്ചതായി ദി ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ സോണിയ ഗാന്ധിയ്ക്കുള്ള പങ്ക് കാണിക്കുന്ന തെളിവുകള്‍ കൈമാറണമെന്നാണ് മോദി ആവശ്യപെട്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്റ്റ്യന്‍മൈക്കളിന്റെ ആരോപണം ശുദ്ധ തെമ്മാടിത്തരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. 2015 ഡിസംബര്‍ 23നാണ് ഈ കത്ത് ക്രിസ്റ്റ്യന്‍ മൈക്കല്‍ അന്താരാഷ്ട്ര ട്രിബ്യുണലിന് അയച്ചത്.
ക്രിസ്ത്യൻ മിഷേൽ കടൽകൊല കേസ് കൈകാര്യം ചെയ്യുന്ന രാജ്യാന്തര കോടതിക്ക് 2015 ഡിസംബർ 23ന് അയച്ച കത്തിലാണ് മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ദ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഹാംബർഗിലെ ഇന്‍റർനാഷണൽ ട്രൈബ്യൂണൽ ഒാഫ് ലോ ഒാഫ് ദ് സീസ്, ഹേഗിലെ പെൻമെനന്‍റ് കോർട്ട് ഒാഫ് ആർബിട്രേഷൻ എന്നിവക്കാണ് ക്രിസ്ത്യൻ മിഷേൽ വിവാദ കത്തുകൾ അയച്ചത്.
കഴിഞ്ഞ വര്‍ഷം ന്യൂയോർക്കിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മെറ്റിയോ റൻസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെളിവ് കൈമാറാൻ മോദി ആവശ്യപ്പെട്ടത്. യു.എൻ പൊതുസഭാ സമ്മേളനത്തിനിടെയാണ് ഇരു പ്രധാനമന്ത്രിമാർ തമ്മിൽ മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ച നടന്നത്. സോണിയയുടെ കുടുംബത്തിന് പങ്കുള്ള ഹെലികോപ്ടർ ഇടപാടിലെ തെളിവുകൾ കൈമാറിയാൽ നാവികരെ വിട്ടയക്കുന്ന കാര്യത്തിൽ ഇടപെടാമെന്ന് മോദി നിർദേശം വെച്ചതായും ക്രിസ്ത്യൻ മിഷേൽ കത്തിൽ പറയുന്നു.
മോദിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും ഇതിൽ ഉറച്ചു നിൽക്കുന്നതായും ക്രിസ്ത്യൻ മിഷേൽ ദുബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മിഷേലിന്‍റെ ആരോപണം അപഹാസ്യമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു.
2010ൽ ഇറ്റാലിയന്‍ ആയുധ കമ്പനി ഫിന്‍മെക്കാനിക്കയുടെ സഹസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് 12 ഹെലികോപ്ടറുകള്‍ വാങ്ങാൻ 3,600 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഏർപ്പെട്ടത്. ഇടപാട് നടത്താൻ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി കൈക്കൂലി നല്‍കിയെന്ന് ഫിന്‍മെക്കാനിക്കയുടെ എക്സിക്യൂട്ടീവ് മൊഴി നൽകിയതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.
ഇതേതുടർന്ന് 2013ൽ ഹെലികോപ്ടർ കരാർ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി റദ്ദാക്കി. കൈക്കൂലി വാങ്ങിയവരുടെ പട്ടികയിൽ മുൻ വ്യോമസേന മേധാവി എസ്.പി ത്യാഗിയുടെ പേരും ഉൾപ്പെട്ടിരുന്നു. ഹെലികോപ്ടർ ഇടപാടിൽ ഇന്ത്യൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തേടിക്കൊണ്ടിരിക്കുന്ന ആളാണ് ബ്രിട്ടീഷ് ആയുധ ഏജന്‍റായ ക്രിസ്ത്യൻ മിഷേൽ.2012 ഫെബ്രുവരിയിലാണ് കേരളാ കടൽ തീരത്തുവെച്ച് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മീൻപിടിത്തക്കാർ കൊല്ലപ്പെട്ടത്.