ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിംഗ് യാദവിനു ഇനി മത്സരിക്കാനാകില്ല; നാലുവര്‍ഷത്തേക്ക് വിലക്ക്

Narsingh-Yadav

റിയോ ഡി ജനീറോ: ഇന്ത്യന്‍ താരം നര്‍സിംഗ് യാദവിനു ഇനി നാലുവര്‍ഷത്തേക്ക് ഇടികൂട്ടില്‍ കയറാന്‍ സാധ്യമല്ല. ഗുസ്തി താരത്തിന് നാല് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടേതാണ് വിധി.

ഇന്ത്യന്‍ ഉത്തേജക വിരുദ്ധ സമിതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് കായിക കോടതിയുടെ വിധി. ഇന്നു ഫ്രാന്‍സിന്റെ സലിംഖാന്‍ ഖദ്ജീവുമായിട്ടായിരുന്നു നര്‍സിംഗിനു മത്സരിക്കേണ്ടിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നും അറിയാതെ മരുന്ന് ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുകയായിരുന്നെന്നുമുള്ള നര്‍സിംഗിന്റെ വാദം അംഗീകരിക്കാനാകില്ലെന്നു കായിക കോടതി പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെന്നു തെളിയിക്കാന്‍ നര്‍സിംഗിന് ആയിട്ടില്ലെന്നു കോടതി വിലയിരുത്തി. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ ഉത്തരവ് അംഗീകരിക്കാനാകില്ല. അതിനാല്‍ നാലുവര്‍ഷം വിലക്ക് എന്നത് ഒരു മാന്യമായ കാലയളവാണെന്നും കായിക കോടതി നിരീക്ഷിച്ചു. നാലുവര്‍ഷം വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് വാഡ കായിക കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ (നാഡ) യുടെ ക്ലീന്‍ ചീറ്റ് ലഭിച്ചാണ് നര്‍സിംഗ് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ നാഡയുടെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് വാഡ രാജ്യാന്തര കായിക കോടതിയെ സമീപിക്കുകയായിരുന്നു. നാഡ ജൂണ്‍ 25നും ജൂലായ് അഞ്ചിനും നടത്തിയ പരിശോധനകളില്‍ നര്‍സിംഗ് നിരോധിത ഉത്തേജക മരുന്നായ അനാബൊളിക് സ്റ്റിറോയിഡ് മെതാന്‍ഡിയനോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നര്‍സിംഗിന്റെ എ, ബി സാംപിളുകളും പോസിറ്റീവായിരുന്നു.

ഇതേതുടര്‍ന്ന് നര്‍സിംഗിനു പകരം പ്രവീണ്‍ റാണയെ 74 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ മത്സരിപ്പിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന നര്‍സിംഗ് തന്റെ ഭക്ഷണത്തില്‍ ഒരു ജൂനിയര്‍ താരമാണ് ഉത്തേജക മരുന്ന് കലര്‍ത്തിയതെന്നും അയാള്‍ ഒരു ദേശീയ താരത്തിന്റെ സഹോദരനാണെന്നും ആരോപിച്ചിരുന്നു.

Top