ലോകത്തിന്റെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്; 100 മീറ്ററില്‍ ഹാട്രിക് സ്വര്‍ണം

13907046_1234306683260508_4657296515533412169_n

റിയോ ഡി ജനീറോ: ലോകത്തിന്റെ വേഗരാജാവ് എന്ന പദം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് സ്വന്തമാക്കി. വെറും 9.81 സെക്കന്‍ഡിലാണ് ജമൈക്കയുടെ ബോള്‍ട്ട് നൂറു മീറ്റര്‍ ഓടി തീര്‍ത്തത്. ട്രാക്കില്‍ തനിക്ക് എതിരാളികളില്ലെന്ന് ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍ കൂടി തെളിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സിലും ഉസൈന്‍ ബോള്‍ട്ട് തന്നെ സ്വര്‍ണം അണിഞ്ഞു. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ വെള്ളി നേടി. 9.89 സെക്കന്‍ഡിലാണ് ഗാറ്റ്ലിന്‍ ഫിനിഷ് ചെയ്തത്. കാനഡയുടെ ആന്ദ്രേ ഡി ഗ്രേസിനാണ് വെള്ളി.

Usain-Bolt

പതിവു പോലെ പതിഞ്ഞായിരുന്നു ബോള്‍ട്ടിന്റെ തുടക്കം. എന്നാല്‍, ആദ്യത്തെ 50 മീറ്റര്‍ പിന്നിട്ടതും ബോള്‍ട്ട് വിശ്വരൂപം പുറത്തെടുത്തു. അതുവരെ ഗാറ്റ്ലിന്‍ ആയിരുന്നു മുന്നില്‍ ഓടിയിരുന്നത്. എന്നാല്‍, അവസാനത്തെ 50 മീറ്ററില്‍ ഗാറ്റ്ലിനെ പിന്നിലാക്കി ബോള്‍ട്ട് ഓടിക്കയറി. അതിവേഗത്തില്‍ ഓടിയെത്തിയ ബോള്‍ട്ട് സീസണിലെ മികച്ച സമയവും കുറിച്ചു. 9.81 സെക്കന്‍ഡ്.

സെമിഫൈനലില്‍ സീസണിലെ മികച്ച സമയം കുറിച്ചാണ് ബോള്‍ട്ട് ഫൈനലിലെത്തിയത്. 9.86 സെക്കന്‍ഡ്. ട്രാക്കില്‍ രാജാവ് താന്‍ തന്നെ എന്ന സൂചന അപ്പോള്‍ തന്നെ നല്‍കിയിരുന്നു ബോള്‍ട്ട്. ഹീറ്റ്സില്‍ മികച്ച സമയം കുറിച്ച ഗാറ്റ്ലിന്‍ പക്ഷേ സെമിയില്‍ നാലു സെമിഫൈനലുകളിലെയും കുറഞ്ഞ സമയത്തിലായിരുന്നു ഫിനിഷ് ചെയ്തത്. 9.95 സെക്കന്‍ഡ്. ഹീറ്റ്സില്‍ ബോള്‍ട്ടിന്റെ സമയം 10.07 സെക്കന്‍ഡായിരുന്നു. വിജയം ജമൈക്കന്‍ ജനതയ്ക്ക് സമര്‍പ്പിക്കുന്നതായി ബോള്‍ട്ട് പ്രതികരിച്ചു.

Top