ആലുവയിൽ നിന്നും പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മൂന്നു പേരെ കോടതി റിമാൻഡ് ചെയ്തു. ഇടപാടുകാരായ രണ്ടുപേർക്ക് കോടതി ജാമ്യം അനുവദിച്ചു. പെൺവാണിഭ സംഘം നടത്തിപ്പുകാരി ചന്ദനപ്പറമ്പിൽ പാറപ്പുറത്ത് വീട്ടിൽ നസീറ, മൂവാറ്റുപുഴ സ്വദേശി എൽദോസ്, കളമശേരി കുസാറ്റ് വിദ്യാനഗർ സ്വദേശി ഹംസക്കോയ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ ആലുവ സബ് ജയിൽ ഗ്രൗണ്ടിന് സമീപത്തെ വീട്ടിൽ നിന്നാണ് ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സമീപവാസികൾ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. റിമാൻഡ് ചെയ്ത മൂന്നു പേർക്ക് പുറമേ ഇടപാടുകാരായ അങ്കമാലി തുറവൂർ മൂഞ്ഞേലി ഷിയോ(34), പട്ടിമറ്റം കണ്ടനാലിൽ ബെന്നി(45) എന്നിവരെയും പോലീസ് പിടികൂടിയിരുന്നു. ഇരുവർക്കും ചൊവ്വാഴ്ച കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. റെയ്ഡിനിടെ പിടികൂടിയ ഇരയായ യുവതിയെ കേസിൽ ഉൾപ്പെടുത്തിയിരുന്നില്ല. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന നസീറയാണ് ആലുവ സബ് ജയിൽ ഗ്രൗണ്ടിനോട് ചേർന്ന് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. പോലീസ് സ്റ്റേഷൻ, കോടതി, തുടങ്ങിയ സ്ഥാപനങ്ങൾ നിലകൊള്ളുന്ന അതീവ സുരക്ഷാ മേഖലയിൽ ഇത്തരമൊരു കേന്ദ്രം പ്രവർത്തിച്ചിരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിടിയിലായ നസീറ, ആലുവ കേന്ദ്രീകരിച്ച് വർഷങ്ങളായി അനാശാസ്യം നടത്തിവന്നിരുന്ന സ്ത്രീയാണെന്നാണ് പോലീസ് പറയുന്നത്. ആലുവയിലെ വിവിധ പ്രദേശങ്ങളിൽ മാറി മാറി താമസിച്ചാണ് നസീറ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ലൊക്കാന്റോ എന്ന വെബ്സൈറ്റിലൂടെയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മൂവാറ്റുപുഴ സ്വദേശി എൽദോസിന്റെ നമ്പറാണ് വെബ്സൈറ്റിൽ നൽകിയിരുന്നത്. എൽദോസിന്റെ നമ്പറിലേക്ക് വിളിച്ചാൽ തങ്ങളുടെ കൈവശമുള്ള പെൺകുട്ടികളുടെ ഫോട്ടോകൾ തിരികെ അയച്ചു കൊടുക്കും. ഫോട്ടോ കണ്ട് ആവശ്യക്കാർ വീണ്ടും വിളിച്ചാൽ പിന്നെ കാശും സമയവും ഉറപ്പിച്ച് എൽദോസ് തന്നെയാണ് ഇടപാടുകാരെ ആലുവയിലെ വീട്ടിലെത്തിച്ചിരുന്നത്. പോലീസ് കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയപ്പോൾ പള്ളുരുത്തി സ്വദേശിനിയായ യുവതിയെ കേന്ദ്രത്തിൽ നിന്നും പിടികൂടിയിരുന്നു. ഇത്തരത്തിൽ നഗരത്തിലെ കോളേജ് വിദ്യാർത്ഥിനികളടക്കം നിരവധി യുവതികൾ സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് സൂചന. പള്ളുരുത്തി സ്വദേശിനിയായ യുവതി ഇടയ്ക്കിടെ വീട്ടിലെത്തുന്നത് കണ്ട് അയൽവാസികൾ ചോദിച്ചപ്പോൾ തന്റെ അനിയത്തിയാണെന്നാണ് നസീറ മറുപടി പറഞ്ഞിരുന്നത്.
നസീറയുടെ വീട്ടിൽ ഇടയ്ക്കിടെ പെൺകുട്ടികളും പരിചയമില്ലാത്ത പുരുഷന്മാരും വന്നുപോകുന്നതിൽ സംശയം തോന്നിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. മൂന്നു ദിവസത്തോളം നസീറയുടെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടുകാർ നൽകിയ വിവരം ശരിയാണെന്ന് ബോധ്യപ്പെട്ട പോലീസ് സംഘം, ഇടപാടിനായി ആളുകൾ വീട്ടിലെത്തിയതോടെയാണ് റെയ്ഡ് നടത്തിയത്. ആലുവയിൽ നിന്ന് പിടിയിലായ പെൺവാണിഭ സംഘം ഓൺലൈൻ വഴി ഇടപാടുകൾ നടത്തിയിരുന്നതിനാൽ ഇവർക്ക് അന്തർസംസ്ഥാന ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് വരികയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.