കൊച്ചി: ഹണി ട്രാപ്പിലൂടെ യുവ എഞ്ചിനിയറില്‍ നിന്നും പണം തട്ടിയ കേസിലെ മുഖ്യ പ്രതി നസീമക്കെതിരെ കൊലക്കുറ്റവും. പീഡന ശ്രമത്തിന് പ്രതികാരമായി ഒരാളെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചേര്‍ത്തത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുവന്നത്. തിരുവനന്തപുരം പോലീസാണ് നടപടി സ്വീകരിച്ചത്.
നസീമയും മകളും തിരുവനന്തപുരത്തു താമസിക്കുന്ന സമയത്തായിരുന്നു കൊലപാതകം. രഞ്ജുവുമായി നസീമയ്ക്ക് നല്ല ബന്ധമായിരുന്നു. രഞ്ജു മകളെ നോട്ടമിട്ടതോടെയാണു ബന്ധം പിരിഞ്ഞത്. നസീമ ആവശ്യപ്പെട്ട പ്രകാരം ക്വട്ടേഷന്‍ സംഘം രഞ്ജുവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
മൃതദേഹം തമിഴ്നാട്ടിലെ വിരാജ്പേട്ടയില്‍ നിന്നാണ് കണ്ടെടുത്തത്. നസീമയെ വിട്ടുകിട്ടാന്‍ തിരുവനന്തപുരം പോലീസ് കൊടുങ്ങല്ലൂര്‍ മജിസ്ട്രേറ്റിനു ഹര്‍ജി നല്‍കി. പുരുഷന്മാരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കി വലയില്‍ കുടുക്കുന്ന സംഘത്തിലെ അംഗമാണ് ഇവര്‍. സുന്ദരികളുടെ ചിത്രം കൂടി പ്രദര്‍ശിപ്പിച്ചാണ് ഇരകളെ ആകര്‍ഷിക്കുന്നത്.
ഇവരുടെ സുഹൃത്ത് ഷെമീനയും തട്ടിപ്പു സംഘാംഗമാണെന്നു പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് നസീമ ഫ്ളാറ്റിലേക്ക് എന്‍ജിനീയറെ വിളിച്ചു വരുത്തിയ ശേഷം ജ്യൂസ് നല്‍കുകയായിരുന്നു. അതിനിടെ സദാചാര പോലീസ് ചമഞ്ഞെത്തിയ ചിലര്‍ ആക്രോശിച്ചു. രക്ഷപ്പെടാന്‍ ചോദിക്കുന്ന പണം നല്‍കാന്‍ നസീമയും സുഹൃത്തും എന്‍ജിനീയറെ നിര്‍ബന്ധിച്ചിരുന്നു.
ഇയാള്‍ പിന്നീട് പോലീസില്‍ നല്‍കിയ പരാതിയാണു വഴിത്തിരിവായത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കല്‍ നാടകം വ്യക്തമായത്. തൃശൂര്‍ അരണാട്ടുകരയിലെ ഫ്ളാറ്റിലായിരുന്നു ഷെമീന താമസിച്ചിരുന്നത്.
തൃശൂര്‍ സ്വദേശികളായ ശ്യാംബാബു, അനീഷ്, സംഗീത് എന്നിവരാണ് സദാചാര പോലീസായി അഭിനയിച്ചത്. നസീമയും രണ്ടാം ഭര്‍ത്താവ് അക്ബറും കസ്റ്റഡിയിലാണ്.