ദില്ലി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടന്നത് ആസൂത്രിതമായ സംഭവമാണെന്ന് ദേശീയ ന്യൂനപക്ഷകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട്.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദിന്റെ നേതൃത്വത്തിലുളള സംഘമാണ് ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലും സമീപപ്രദേശങ്ങളിലും നേരിട്ടെത്തി തെളിവെടുത്തത്. അര്‍ദ്ധരാത്രി ഉറങ്ങിക്കിടക്കുന്‌പോഴാണ് അഖ്‌ലാഖിന്റെ വീട്ടിലേയ്ക്ക് കൂട്ടമായി ആളുകളെത്തിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ലെന്നും സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ കരുതിക്കൂട്ടി നടത്തിയ ശ്രമമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ ദാദ്രി സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച പുരോഗമനവാദികളെയും എഴുത്തുകാരെയും വിമര്‍ശിച്ച് ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’. ഗോവധ വിഷയത്തെ സ്വന്തം മതേതര രാഷ്ട്രീയം പോഷിപ്പിക്കുവാന്‍ പുരോഗമനവാദികള്‍ ഉപയോഗിക്കുകയാണ്. ദാദ്രി കൊലപാതകത്തെ മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത വിധം ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നതിനുള്ള അവസരമായി പുരോഗമനവാദികള്‍ ഉപയോഗിക്കുകയാണെന്നും ഓര്‍ഗനൈസര്‍ ആക്ഷേപിക്കുന്നു.
ഗോധ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടപ്പോഴും സിഖു വിരുദ്ധ കലാപം നടന്നപ്പോഴും പുരോഗമനവാദികളുടെ മനഃസാക്ഷി എന്തുകൊണ്ട് ഉണര്‍ന്നില്ല. ഒരു മൃതദേഹം എങ്ങനെ രാഷ്ട്രീയ കൗശലത്തിന് ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചതും ദാദ്രിയിലാണ്. കൊലപാതകങ്ങളെല്ലാം നിര്‍ഭാഗ്യകരവും ക്രൂരവുമാണ്. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. എന്നാല്‍ ദാദ്രി സംഭവത്തിലുള്ള വ്യത്യാസമെന്തെന്നാല്‍ അവിടെ കൊലപാതകത്തെ ഹിന്ദു വിശ്വാസത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതിന് മാധ്യമങ്ങളും സ്വയംപ്രഖ്യാപിത മതേതര, പുരോഗനവാദികളും അവസരമാക്കിയിരിക്കുകയാണെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തുന്നു.
ദാദ്രിയിലെ കേട്ടുകേള്‍വിയില്ലാത്തതും മുന്‍പെങ്ങും നടന്നതെന്ന നിലയിലാണ് പുരോഗമനവാദികള്‍ പ്രചരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ മേല്‍ ഭീതി പരത്താനാണ് ഇവരുടെ സംഭവം. എന്നാല്‍ ഇവയൊന്നും വിലപ്പോകില്ല. അന്തിമ വിജയം ആര്‍.എസ്.എസിനു തന്നെയായിരിക്കും. പശുവിന്റെയും കാളയുടെയും മാംസവില്‍പ്പന നിരോധിക്കുന്നതോടെ കുറഞ്ഞവിലയില്‍ പോഷകാംശമുള്ള ഭക്ഷണം ലഭിക്കാതെ പോകുന്നുവെന്നാണ് വാദം. എന്നാല്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ കാണാതെപോയ വശം കണ്ടെത്താന്‍ പുരോഗമനവാദികള്‍ക്ക് കഴിയുന്നു. അവരുടെ വാദം ശരിയല്ല. ബീഫ് മാത്രമല്ല പോഷകാഹാരത്തിന്റെ വിലകുറഞ്ഞ ഉറവിടവെന്നും ഓര്‍ഗനൈസര്‍ പറയുന്നു.
ദാദ്രി സംഭവത്തെയും അതിനെ ചൊല്ലി ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പരാമര്‍ശത്തെയും അപലപിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവരുന്നതിനിടെയാണ് ദാദ്രിയെയും കല്‍ബുര്‍ഗി വധത്തെയും ന്യായീകരിക്കുന്ന വിധത്തില്‍ ആര്‍.എസ്.എസ് ലേഖനമെഴുതിയത്.