വൈക്കം: ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും അവര്‍ പറഞ്ഞു. ഹാദിയയ്ക്ക് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല. ഹാദിയ സന്തോഷവതിയാണ്. വീട്ടുകാരില്‍നിന്ന് പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ പറഞ്ഞു.
പത്ത് മണി മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച പരാതികള്‍ കേട്ട ദേശീയ വനിത കമ്മീഷന്‍ 12 മണിയോടെയാണ് വൈക്കത്തേക്ക് പുറപ്പെട്ടത്. ഒരു മണിയോടെ വൈക്കം ടിവി പുരത്തെ ഹാദിയയുടെ വീട്ടിലെത്തി. ഹാദിയുടെ വീടിനോട് ചേര്‍ന്നുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ആദ്യം കമ്മീഷന്‍ എത്തിയത്. തുടര്‍ന്ന് പിതാവ് അശോകനുമായും മാതാവ് പൊന്നമ്മയുമായും സംസാരിച്ചു. പത്ത് മിനുട്ടിന് ശേഷം ഹാദിയെ താമസിപ്പിച്ചിട്ടുള്ള വീട്ടിലേക്ക് പോയി. ഇവിടെയെത്തിയ രേഖ ശര്‍മ്മയെ പുഞ്ചിരിയോടെ ഹാദിയ സ്വീകരിച്ചു. തുടര്‍ന്ന് ഹാദിയയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പൂര്‍ണ്ണമായും റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അഖില ഹാദിയയുടെ വാക്കുകള്‍ കമ്മീഷന്‍ കേട്ടത്.
ഹാദിയ ഇഗ്ലീഷിലാണ് കമ്മീഷനോട് കാര്യങ്ങള്‍ വിവരിച്ചത്. അരമണിക്കൂറോളം ഹാദിയയുടെ മുറിയില്‍ ചിലവഴിച്ച രേഖ ശര്‍മ്മ യാത്ര ചോദിച്ചുകൊണ്ട് ഹാദിയയെ കെട്ടിപ്പിടിച്ചു. കവിളില്‍ ഉമ്മ നല്‍കി. ഹാദിയയും ചിരിച്ചുകൊണ്ട് ഉമ്മ നല്‍കി. ഡല്‍ഹിയില്‍ ഏത്തുമ്പോള്‍ തന്റെ വീട്ടിലേക്ക് വരണമെന്നും അവര്‍ ഹാദിയയെ ക്ഷണിച്ചു. തീര്‍ച്ചയായും വരാമെന്ന് ഹാദിയ പറഞ്ഞതായി പിതാവ് അശോകന്‍ പറഞ്ഞു. ഹാദിയയുമായി സംസാരിക്കുന്ന സമയം പിതാവും മാതാവും കമ്മീഷന്‍ അദ്ധ്യക്ഷയും സെക്രട്ടറിയും മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്.
ഒരുവിധത്തിലുള്ള ഉപദ്രവങ്ങളും ഹാദിയയ്ക്ക് ഏല്‍ക്കേണ്ടിവന്നിട്ടില്ല. അവര്‍ ആരോഗ്യവതിയാണ്. ഹാദയയെ ശ്രദ്ധിക്കുന്നതിന് സ്ത്രീകള്‍ അവര്‍ക്കൊപ്പമുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണിലെടുത്ത ഹാദിയയുടെ ചിത്രങ്ങളും അവര്‍ മാധ്യമങ്ങളെ കാണിച്ചു.
ഐഎസില്‍ ചേരുന്നതിനായി സിറിയയിലേയ്ക്ക് പോയതായി കരുതുന്ന നിമിഷ ഫാത്തിമയുടെ ബന്ധുക്കളെയും രേഖ ശര്‍മ സന്ദര്‍ശിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും വനിതാ കമ്മീഷന്‍ അധ്യക്ഷ സിറ്റിങ് നടത്തുന്നുണ്ട്.