ന്യൂഡൽഹി : നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പി സി സി അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഉന്റായതോടെ പഞ്ചാബ് കോൺഗ്രസിലും പൊട്ടിത്തെറി .2022 ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനത്തും ഭരണം നഷ്ടപ്പെടും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .സിദ്ദുവിനെ പ്രസിഡന്റ് ആയി നിയമിച്ചതിൽ മുഖ്യമന്ത്രി കടുത്ത അമര്ഷത്തിലാണ് .കോൺഗ്രസിൽ വിമതസ്വരമുയർത്തിയ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ നവജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമിച്ചത് . 4 വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനു മുഖ്യമന്ത്രി അമരീന്ദർ സിങ് ഒടുവിൽ വഴങ്ങിയെങ്കിലും പ്രതിഷേധം പുകയുകയാണ് ..സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
പിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് അമരീന്ദർ അറിയിച്ചതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. സിദ്ദുവിനെ പ്രസിഡന്റാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിൽ പ്രതിഷേധിച്ചു സോണിയയ്ക്കു കഴിഞ്ഞ ദിവസം അമരീന്ദർ കത്തയച്ചത് വലിയ ചർച്ചയായി.
ഹൈക്കമാൻഡ് നടപടി സംസ്ഥാനത്ത് കോൺഗ്രസിനെ പിളർത്തുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് അമരീന്ദറുമായി കൂടിക്കാഴ്ച നടത്താൻ റാവത്തിനെ സോണിയ പഞ്ചാബിലേക്ക് അയച്ചത്. അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിനു തലവേദനയായിരുന്നു. ഇതു പരിഹരിക്കാനാണു സിദ്ദുവിനെ അധ്യക്ഷനാക്കിയത്. വൈകാതെ സംസ്ഥാന മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകുമെന്നു സൂചനയുണ്ട്.
അതേസമയം സിദ്ധുവിനെ അധ്യക്ഷനാക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരന്ദീർ സിംഗിനെ പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ചർച്ചകൾ നടത്തി അനുനയിപ്പിച്ചതായാണ് വിവരം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നേരത്തെ ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അമരീന്ദർ സിങ്ങിന്റെ പ്രതികരണം.
സമുദായ സന്തുലിതാവസ്ഥ പാലിക്കുന്നതിനായാണ് നാല് വർക്കിംഗ് പ്രസിഡണ്ടുമാരെ നിയമിക്കുന്നത്. ഏകാധിപതിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനു കീഴിൽ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു നവ ജോത് സിങ് സിദ്ദു വിന്റെ നിലപാട്. എ എ പിയിലേക്ക് പോകുമെന്ന സൂചനയും നൽകി. ഇതോടെ സിദ്ദുവിനെ പി. സി. സി അധ്യക്ഷസ്ഥാനം നൽകി പ്രശ്നം പരിഹരിക്കാനായിരുന്നു ഹൈക്കമാന്റ് തീരുമാനം. എന്നാൽ സിദ്ദുവിന് പി സി സി അധ്യക്ഷസ്ഥാനം നൽകുന്നത് സമുദായിക സന്തുലിതാവസ്ഥ ഇല്ലതാക്കുമെന്നായിരുന്നു അമരീന്ദറിന്റെ വാദം. സിദ്ദുവിന്റെ പ്രവർത്തന രീതി കോൺഗ്രസിന്റേതല്ല. പഴയകാല പാർട്ടി അംഗങ്ങളെ അതു ചൊടിപ്പിക്കും. ഇതുകാരണം കോൺഗ്രസ് വിഭജിക്കപ്പെടുമെന്ന് കാട്ടി അമരീന്ദർ സിങ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.