ന്യുഡൽഹി :പഞ്ചാബിൽ കോൺഗ്രസിന് കനത്ത പ്രഹരം കൊടുക്കാൻ ആപ് രംഗത്ത് .ഇടഞ്ഞു നിൽക്കുന്ന നവജ്യോത് സിംഗ് സിദ്ധുവിനെ കൂടെ കൂട്ടി കോൺഗ്രസിന് ആപ്പ് പണിയാൻ ആപ് അണിയറ നീക്കം തുടങ്ങി.മഹാരാഷ്ട്രയിലും കർണാടകയിലും കോൺഗ്രസ് പയറ്റിയ തന്ത്രം ഇപ്പോൾ ആപ് പുറത്തെടുക്കുകയാണ് .കോണ്‍ഗ്രസ് കോട്ടയായ പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണ് ആം ആദ്മി . ക്യാപ്റ്റനോട് ഇടഞ്ഞ് നില്‍ക്കുന്ന നവജ്യോത് സിംഗ് സിദ്ധുവിനേയും 44 എംഎല്‍എമാരെയും ‘ആപ്പി’ലാക്കാണ് നീക്കം. മുഖ്യമന്ത്രി അമരീന്ദറുമായി അകന്ന് നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. മുന്‍ മന്ത്രി കൂടിയായ നവജ്യോത് സിംഗ് സിദ്ധുവിനെയും ആപ്പിന്റെ പാളയത്തില്‍ എത്തിക്കാന്‍ നീക്കമുണ്ട്. സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാം എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ഓഫര്‍. അമരീന്ദറിന്റെ നാട്ടില്‍ നിന്ന് തന്നെയുളള നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടുത്തിടെ സര്‍ക്കാരിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഹര്‍ദിയാല്‍ സിംഗ് കമ്പോജ്, മദന്‍ ലാല്‍ ജലാല്‍പൂര്‍, നിര്‍മല്‍ സിംഗ് ഷുത്രാന, രജീന്ദര്‍ സിംഗ് എന്നീ എംഎല്‍എമാരാണ് അഴിമതി അടക്കമുളള വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി അമരീന്ദറിന് എതിരെ രംഗത്ത് വന്നത്.
മാഫിയാ രാജാണ് സംസ്ഥാനത്ത് എന്നാണ് എംഎല്‍എമാര്‍ ആരോപിച്ചത്. 40 കോണ്‍ഗ്രസ് എംഎല്‍എമാരും ഈ വിമത സ്വരം ഉയര്‍ത്തിയ 4 പേര്‍ക്കൊപ്പം ഉണ്ടെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടി നേതാവ് അമന്‍ അറോറ ഈ 44 എംഎല്‍എമാരെയും കോണ്‍ഗ്രസ് വിട്ട് തങ്ങള്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചിരിക്കുകയാണ്. വിമത എംഎല്‍എമാരെ അമന്‍ അറോറ നേരിട്ട് ബന്ധപ്പെട്ട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പഞ്ചാബ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59 എംഎല്‍എമാരുടെ പിന്തുണയാണ്. 19 ആപ് എംഎല്‍എമാരുടെ കൂടെ 44 കോണ്‍ഗ്രസ് എംഎല്‍എമാരും ചേര്‍ന്നാല്‍ പുതിയ സര്‍ക്കാരിന് കേവല ഭൂരിപക്ഷമാകും എന്ന് കരുതുന്നതായി അമന്‍ അറോറ പറഞ്ഞു. ദില്ലിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന് സമാനമായ സര്‍ക്കാര്‍ പഞ്ചാബിലുമുണ്ടാക്കാമെന്നും അറോറ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി ആരാകും എന്നതല്ല വിഷയമെന്നും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അഴിമതിയേയും മാഫിയകളേയും തുടച്ച് നീക്കുകയുമാണ് വിഷയമെന്നും അമന്‍ അറോറ പറഞ്ഞു. എംഎല്‍എമാരെ കൂടാതെ ചില കോണ്‍ഗ്രസ് എംപിമാരും തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. നവജ്യോത് സിംഗ് സിദ്ധുവും ഇവര്‍ക്കൊപ്പമുണ്ടോ എന്നതിന് സ്ഥിരീകരണമില്ല.
2017ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ സിദ്ധു രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച നേതാക്കളില്‍ ഒരാളാണ്. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന സിദ്ധുവിന് മന്ത്രിസഭ പുനസംഘടനയില്‍ വൈദ്യുതിയും പാരമ്പര്യേതര ഊര്‍ജ വകുപ്പുമാണ് അമരീന്ദര്‍ നല്‍കിയത്. പിന്നാലെ സിദ്ധു മന്ത്രിസ്ഥാനം രാജി വെച്ചു.
അമരീന്ദറുമായി ശത്രുതയില്‍ തുടരുന്ന സിദ്ധു ബിജെപിയിലേക്ക് തിരിച്ച് പോകുമെന്ന് ഇടക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. അതല്ല ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് സിദ്ധു കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം. അതേസമയം പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് പാര്‍ട്ടി ചീഫ് വിപ്പ് കാംബോജ് ആം ആദ്മി പാര്‍ട്ടിയെ തളളി രംഗത്ത് വന്നിട്ടുണ്ട്.
തങ്ങള്‍ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്ക് എതിരാണെന്നും അല്ലാതെ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ എതിരല്ലെന്നും ഹര്‍ദിയാല്‍ സിംഗ് കമ്പോജ് വ്യക്തമാക്കി. അറോറ സ്വന്തം പാര്‍ട്ടിയില്‍ 19 എംഎല്‍എമാരുണ്ടോ എന്നത് ആദ്യം ഉറപ്പ് വരുത്തട്ടെ എന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. എല്ലാ എംഎല്‍എമാരും അമരീന്ദര്‍ സിംഗിന് കീഴില്‍ ഒറ്റക്കെട്ടാണെന്ന് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല അടക്കമുളള നേതാക്കളും പ്രതികരിച്ചു.
അതേസമയം മഹാരാഷ്ട്രയ്ക്ക് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഗോവയിലെ ബിജെപി സര്‍ക്കാരുമടക്കം അട്ടിമറി നീക്കങ്ങളുടെ ഭീഷണിയിലാണ്. മഹാരാഷ്ട്രയുടെ ബലത്തില്‍ ബിജെപി ഇതര മുന്നണി ഉണ്ടാക്കാനാണ് ഗോവയില്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി ശിവസേന ശ്രമിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 എംഎല്‍എമാരുമായാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബിജെപി-ശിരോമണി അകാലിദള്‍ സഖ്യവും ആം ആദ്മി പാര്‍ട്ടിയും ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍. 117 അംഗ പഞ്ചാബ് നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 19 എംഎല്‍എമാര്‍ മാത്രമാണുളളത്.