പി.കെ. ശശിക്കെതിരായി അന്വേഷണം നടത്താന്‍ ദേശീയ വനിത കമ്മീഷന്‍; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും

പി.കെ. ശശിക്കെതിരെയുള്ള പീഡനപരാതിയില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എം.എല്‍.എക്കെതിരായി അന്വേഷണം ആരംഭിച്ചതായി കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും കമ്മീഷന്‍. ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ കുറ്റമാണെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ പറഞ്ഞു.

പി.കെ.ശശിക്കെതിരെ കേസെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വനിത കമ്മീഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍.
ശശിയ്ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറയുന്നത്. പരാതിക്കാരി പരാതി നല്‍കിയാല്‍ മാത്രമേ കമ്മീഷന് അന്വേഷിക്കാന്‍ പറ്റൂവെന്നും ജോസഫൈന്‍ പ്രതികരിച്ചിരുന്നു. സിപിഎം അനുഭാവിയുടെ വാക്കുകളാണ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് എക്കാലത്തും ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ സംവിധാനമുണ്ട്. സിപി.ഐ.എമ്മില്‍ വ്യക്തമായ നടപടി ക്രമങ്ങളും ഇത് സംബന്ധിച്ച് ഉണ്ട്. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടാത്തതുകൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ല. മനുഷ്യരായാല്‍ തെറ്റ് സംഭവിക്കുക സ്വാഭാവികമാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

വനിതാ കമ്മീഷന്റെ പ്രതികരണത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വനിതാ കമ്മീഷന്‍ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും ബിജെപി നേതാവ് വി. മുരളീധരനും പ്രതികരിച്ചു. രാഷ്ട്രീയം നോക്കി നിലപാടെടുക്കുന്ന രീതി രാജ്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതാണ്. പരാതി കിട്ടിയാലേ നടപടിയെടുക്കൂ എന്ന് പറയുന്ന ഈ വനിതാ കമ്മീഷന്‍ എത്ര കേസില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.

ബിജെപിയും യുവമോര്‍ച്ചയും സര്‍ക്കാരിനും വനിതാകമ്മീഷനുമെതിരെ രംഗത്തെത്തി. കേരളത്തിലെ വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന് വി.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

സിപിഎം എല്‍.എല്‍.എയായ പി.കെ.ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ കേസില്‍ മാത്രമല്ല, ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതിയിലും സംസ്ഥാന വനിതാ കമ്മിഷന്‍ ഫലപ്രദമായ ഒരിടപെടല്‍ നടത്തുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

പാര്‍ട്ടിയും വനിതാ കമ്മിഷനും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമായി വനിതാ കമ്മിഷന്‍ മാറിയിരിക്കുന്നു എന്നുവേണം ഈ നടപടികളിലൂടെ മനസിലാക്കാന്‍. സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നു പറയുന്ന വനിതാ കമ്മിഷന്റെ നിലപാട് കേസ് ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായുള്ളതാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ വനിതകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമില്ലാതിരിക്കുകയും ചില പ്രത്യേക വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഇടപെടുകയും ചെയ്യുന്ന സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ തെരഞ്ഞെടുക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

Top