ന്യൂഡല്‍ഹി: രാജ്യത്തെ തന്നെ വലിയ ദുരന്തമാണ് കേരളം നേരിടുന്നതെന്ന് ദേശീയ ദുരന്ത നിവാരണ സേന. സേന രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് ദുരന്ത മുഖത്തുനിന്നും രക്ഷിക്കേണ്ട വന്നത്.
2006 ലാണ് ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്) രൂപവത്കരിച്ചത്. അന്ന് മുതല്‍ ഇന്ന് വരെയുള്ളതില്‍ ഏറ്റവും വലിയ രക്ഷാദൗത്യമാണ് സേനാംഗങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 58 സംഘങ്ങളെയാണ് ദേശീയ ദുരന്ത നിവാരണ സേനയെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ 55 സംഘങ്ങളും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മൂന്ന് സംഘങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതേയുള്ളു. ഓരോ സംഘത്തിലും 35 മുതല്‍ 40 വരെ അംഗങ്ങളാണുള്ളത്.
10,467 പേരെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു. ഇതില്‍ 194 പേരെ മരണമുഖത്തുനിന്നാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. 12 മൃഗങ്ങളെയും സേന സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു. തൃശ്ശൂരില്‍ പതിനഞ്ചും പത്തനംതിട്ടയില്‍ പതിമൂന്നും ആലപ്പുഴയില്‍ പതിനൊന്നും എറണാകുളത്ത് അഞ്ചും ഇടുക്കിയില്‍ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ട് വീതം സംഘങ്ങളുമാണ് ഇപ്പോഴുള്ളത്.
ഡല്‍ഹിയിലുള്ള കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും വിലയിരുത്തുന്നുണ്ട്. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ അറിയിച്ചു.