പൂനെ: മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ അടച്ചാക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളെ കൈവിട്ട് ഇറക്കുമതി ചെയ്ത വിദേശ ആശയങ്ങളെ സ്വീകരിച്ച വ്യക്തിയാണ് നെഹ്‌റുവെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ പാരമ്പര്യവും മൂല്യങ്ങളും ജവഹര്‍ലാല്‍ നെഹ്‌റു കളഞ്ഞു. ഇറക്കുമതി ചെയ്യപ്പെട്ട ഇത്തരം ആശയങ്ങളില്‍ ഊന്നിയാണ് അദ്ദേഹം രാഷ്ട്രനിര്‍മാണം നടത്തിയത്. എന്നാല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഇന്ത്യന്‍ മൂല്യങ്ങളെ സംരക്ഷിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവചരിത്രമായ ‘രാഷ്ട്രദ്രഷ്ട’യുടെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ആചാരങ്ങളിലും മൂല്യങ്ങളിലും ദീന്‍ദയാല്‍ ഉപാധ്യായ വിശ്വസിച്ചിരുന്നു. അതില്‍ ഉറച്ചുനിന്നുകൊണ്ടാണ് അദ്ദേഹം ഭാരതീയ ജനസംഘം രൂപീകരിച്ചത്. അതാണ് പിന്നീട് ബിജെപിയായി വളര്‍ന്നത്. ഉപാധ്യായ കാണിച്ചുതന്ന പാതയിലൂടെയാണ് പാര്‍ട്ടി ഇപ്പോഴും സഞ്ചരിക്കുന്നതെന്നും ഷാ പറഞ്ഞു.
ഇന്ത്യ ഇന്നു സുരക്ഷിതമായ കരങ്ങളിലാണ്. പാരമ്പര്യങ്ങളോ മൂല്യങ്ങളോ കൈവിടാതെത്തന്നെ ആഗോളനേതൃത്വത്തിലേക്ക് ഇന്ത്യ വളര്‍ന്നു. ഉപാധ്യായയുടെ തത്വശാസ്ത്രങ്ങളാണ് ഈ പരിവര്‍ത്തനത്തിന് അടിത്തറയായതെന്നും അദ്ദേഹം പറഞ്ഞു