പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ ഗാര്‍ഹികപീഡനം, സ്ത്രീ അധിക്ഷേപങ്ങള്‍ തുടങ്ങിയ പരാതികള്‍ ഉണ്ടായാല്‍ അത് ഗൗരവമായി പരിഗണിക്കാനൊരുങ്ങി സി.പി.എം. ഇതിനായി, സ്ത്രീ അധിക്ഷേപ പരാതി അന്വേഷിക്കാന്‍ സ്ഥിരംസമിതി എല്ലാ പാര്‍ട്ടിഘടകത്തിലും രൂപവത്കരിക്കാന്‍ തീരുമാനമായി.
സമിതി എങ്ങനെയാകുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. മേല്‍ഘടകത്തിന്റെ പ്രതിനിധികൂടി ഉള്‍പ്പെടുന്നതോ മേല്‍ഘടക മേല്‍നോട്ടച്ചുമതലയുള്ളതോ വിധത്തിലായിരിക്കും സമിതി. പാര്‍ട്ടിയിലേക്ക് സ്ത്രീ കേഡര്‍മാരെ കൊണ്ടുവരുന്നതിനൊപ്പം അംഗങ്ങളില്‍ സ്ത്രീപക്ഷ നിലപാട് വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം, പാര്‍ട്ടിക്കാര്‍ക്കെതിരേയുള്ള സ്ത്രീ അധിക്ഷേപ പരാതി ഗൗരവമായി പരിശോധിക്കണമെന്നും കഴിഞ്ഞ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു.
പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ പരാതി ഉണ്ടായാല്‍ അതില്‍ അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കുന്ന രീതിയാണ് സി.പി.എമ്മിനുള്ളത്. ബ്രാഞ്ചുമുതല്‍ കേന്ദ്രകമ്മിറ്റിവരെയുള്ള ഓരോ ഘടകത്തിലെയും അംഗങ്ങള്‍ക്ക് ഈ പരിശോധന ബാധകമാണ്.
കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടികളും സ്വീകരിക്കാറുള്ളത്. എന്നാല്‍, പതിവ് രീതിക്ക് അപ്പുറത്തേക്കുള്ള പരിഗണന സ്ത്രീകളുടെ പരാതികളില്‍ ഉണ്ടാകണമെന്നതാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്.
ഗാര്‍ഹികപീഡനം, ലൈംഗികാതിക്രമം എന്നിവയെല്ലാം അച്ചടക്ക നടപടികള്‍ക്കുള്ള കുറ്റകൃത്യമായി പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും ഈ ഭേദഗതി കൊണ്ടുവരുക. ഇതിനുപുറമേയാണ് പാര്‍ട്ടിഘടകങ്ങളില്‍ സ്ഥിരം അന്വേഷണസമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് പാര്‍ട്ടി നേതൃതലത്തില്‍ സ്ത്രീപങ്കാളിത്തം കൂട്ടാന്‍ സി.പി.എം. തീരുമാനിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് ഈ സമ്മേളനകാലത്താണ്.