റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ധനുഷ്-വെട്രിമാരന്‍ ചിത്രം ‘വട ചെന്നൈ’ ഇന്റര്‍നെറ്റില്‍. ചിത്രം തിയേറ്ററിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് തമിള്‍ റോക്കേഴ്‌സ് സിനിമ മുഴുവനായും ചോര്‍ത്തിയത്. അണിയറപ്രവര്‍ത്തകര്‍ സിനിമ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ പേടിസ്വപ്നമാണ് തമിള്‍ റോക്കേഴ്‌സ്. ഇവരെ കണ്ടുപിടിക്കാനും വെബ്‌സൈറ്റ് ഇല്ലാതാക്കി പൈറസി തടുക്കാനും സിനിമാ മേഖല ശ്രമം തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ആ ശ്രമങ്ങളെയൊക്കെയും വിഫലമാക്കിയാണ് തമിള്‍ റോക്കേഴ്‌സ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നത്.
നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍, തമിള്‍ റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പൈറസി സംഘത്തെ കണ്ടുപിടിച്ച് ഇത്തരം സൈറ്റുകളെല്ലാം നീക്കം ചെയ്യാന്‍ പ്രത്യേക ടീമിനെ നേരത്തെ ഒരുക്കിയിരുന്നെങ്കിലും ഇവരെ മുഴുവനായി തുടച്ചു നീക്കാന്‍ സാധിച്ചിട്ടില്ലെന്നത് തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന് വെല്ലുവിളിയാണ്. ഒട്ടുമിക്ക ഓണ്‍ലൈന്‍ പൈറസി സംഘത്തെയും കണ്ടുപിടിച്ച് പൈറസി തടുക്കാന്‍ സാധിച്ചെങ്കിലും തമിള്‍ റോക്കേഴ്‌സിനെതിരെ ഒന്നും ചെയ്യാന്‍ ഈ ആന്റി പൈറസി ടീമിനായില്ല. പൈറസിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേരത്തേ വിശാല്‍ കുറ്റപ്പെടുത്തിയിരുന്നു.
ചിത്രം ലീക്കായത് ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് വട ചെന്നൈയുടെ അണിയറപ്രവര്‍ത്തകര്‍. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.