ശ്രീലങ്കന്‍ സ്‌ഫോടനം: കോയമ്പത്തൂരില്‍ നാലുപേര്‍ അറസ്റ്റില്‍.!! എട്ടുപേരെ ചേദ്യം ചെയ്യുന്നു

കോയമ്പത്തൂര്‍: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ ഭീകരാക്രമണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ പരിശോധന. ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ളവര്‍ കോയമ്പത്തൂരിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന. സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളുടെ അടിസ്ഥാനത്തില്‍ ഏഴിടത്താണ് പരിശോധന നടത്തുന്നത്.

സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുമായി സമൂഹമാധ്യമങ്ങളിലൂടെ ആശയ വിനിമയം നടത്തിയിരുന്ന എട്ടു പേരെ സംഘം ചോദ്യം ചെയ്തുവരികയാണ്. നാലു പേരെ ഇതിനകം അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍. അസറുദ്ദീന്‍, സദ്ദാം, അക്രം ജിന്ന, അബൂബക്കര്‍ സിദ്ദിഖ്, ഇദളയത്തുള്ള ഷാഹിംഷ തുടങ്ങിയവരുടെ വീടുകളിലും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് പരിശോധന. ഇവരുടെ ഐ.എസ് ബന്ധം വ്യക്തമാകുന്ന മുറയ്ക്ക് അറസ്റ്റുമുണ്ടായേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ഹസ്രാന്‍ ഹാഷീമിന്റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു ഐ.എസ്.ഐ.എസ് മാതൃകയിലുള്ള സംഘടനയുടെ നേതാവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്‍പു നഗര്‍, പൊഡനൂര്‍, കുനിയമ്പത്തൂര്‍ മേഖലകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ റെയ്ഡ് നടക്കുകയാണ്. ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് കോയമ്പത്തൂരില്‍ റെയ്ഡ് നടക്കുന്നത്.

സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കമുള്ളയിടങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പിടിച്ചെടുത്ത രേഖകളോ മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ഏപ്രിലില്‍ തീവ്രവാദ ബന്ധമുള്ള റിയാസ് അബൂബക്കര്‍ എന്നയാളെ എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു. കേരളത്തിലെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ റിയാസ് അബൂബക്കര്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. സഹ്രാന്‍ ഹാഷമിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് ആക്രമണത്തിന് തയ്യാറെടുത്തതെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയടക്കം ഒമ്പത് ചാവേറുകളാണ് മൂന്നു പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി പൊട്ടിത്തെറിച്ചത്. ആക്രമണത്തിനു പിന്നാലെ ഇന്ത്യ ദക്ഷിണ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Top