കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. കേസില്‍ അറസ്റ്റിലായ പ്രതികൾ കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താൻ ലക്ഷ്യമിട്ടെന്നും എന്‍ഐഎ വ്യക്തമാക്കി .പോപ്പുലർ ഫ്രണ്ടിന് എൻആർഐ അക്കൗണ്ടുകൾ വഴി പണം ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമായി കഴിഞ്ഞ കുറേ വർഷങ്ങളിലായി 120 കോടി രൂപ എൻആർഐ അക്കൗണ്ട് മാർഗം കൈമാറിയിട്ടുണ്ട്. ഈ പണം സംഘടനാ നേതാക്കൾക്ക് ലഭിച്ചതായും ഇഡി വ്യക്തമാക്കി. കേരളത്തിൽ നിന്നും അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറിൽ നിന്ന് നാട്ടിലേക്ക് എൻആർഐ അക്കൗണ്ട് വഴി അയച്ച പണം പോപ്പുലർ ഫ്രണ്ടിന് ലഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിന് 21 ലക്ഷവും, റിഹാബ് ഇന്ത്യ ഫൗണ്ടേഷന് 16 ലക്ഷം രൂപയുമാണ് അക്കൗണ്ട് മാർഗം ലഭിച്ചതെന്ന് ഇഡി പറഞ്ഞു. എന്നാൽ പാർട്ടിക്ക് വേണ്ടി വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനായി ചാനലുകളില്ലെന്നുമാണ് പിഎഫ്ഐ ട്രഷറർ ഇഡിക്ക് നൽകിയ വിശദീകരണമെന്നാണ് വിവരം.
പിടിച്ചെടുത്ത രേഖകളിൽ ഇത് സംബന്ധിച്ച രേഖകൾ ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. എന്‍ഐഎ കസ്റ്റഡി അപേക്ഷയിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ പ്രതികള്‍ കോടതി വളപ്പില്‍ ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചു. എൻ ഐ എ ആര്‍എസ്എസ് ചട്ടുകമാണ് എന്‍ഐഎയെന്നും പ്രതികൾ പറഞ്ഞു. കസ്റ്റഡി അപേക്ഷയുടെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു.
ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡിയും ആരോപിച്ചിരുന്നു. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പിന്നാലെയാണ് എന്‍ഡിഎയുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ ദില്ലിയിൽ നിന്നുള്ളയാളും ഒരാൾ കേരളത്തിൽ നിന്നുള്ള ഷഫീഖ് പിയാണ് എന്നയാളുമാണെന്നാണ് വിവരം.
2018 മുതൽ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്. ഇഡി കസ്റ്റഡിയിലുള്ള നാല് പേരുടെയും ഭാഗത്തേക്ക് കൂടുതൽ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യം. ജൂലൈയിൽ ബീഹാറിലെ പറ്റ്നയിൽ വെച്ച് നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുപിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ദില്ലി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്.