ദിലീപ് കൂട്ടിയാല്‍ കൂടില്ല, വെല്ലുവിളിച്ച് നികേഷ് കുമാർ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും ചാനലിലെ ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാറിനും എതിരെ പോലീസ് കേസെടുത്തിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിനാണ് കേസ്.

തങ്ങളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്ന അതേ പോലീസ് തന്നെ ചാനലിനും തനിക്കുമെതിരെ കേസെടുത്തത് വിചിത്രമെന്ന് നികേഷ് കുമാർ പറഞ്ഞു. ദിലീപ് പേടിപ്പിക്കാൻ നോക്കിയാൽ മറ്റെല്ലാം മാറ്റി വെച്ച് ഇതിന് പിന്നാലെ പോകും എന്നും നികേഷ് തുറന്നടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് കേസ് എന്നത് വലിയ വിഷയമായി താന്‍ കാണുന്നില്ലെന്ന് നികേഷ് കുമാര്‍ പറയുന്നു. 20 സാക്ഷികള്‍ ഈ കേസില്‍ മൊഴി മാറ്റപ്പെട്ടു. വിചാരണക്കോടതിയെ പേടിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹൈക്കോടതി ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കാണിച്ചത് ധാര്‍ഷ്ട്യമാണെന്നും ഇത് നമ്മള്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന കാലത്ത് അനുവദിക്കാനാകില്ല എന്നും നികേഷ് കുമാർ പറഞ്ഞു.

കേസ് എന്നത് സിനിമയില്‍ കാണുന്ന ബുള്‍ഡോസിംഗിന്റെ പ്രതിഫലനം മാത്രമാണെന്ന് നികേഷ് പറയുന്നു. തനിക്കെതിരെയോ റിപ്പോര്‍ട്ടര്‍ ടിവിക്ക് എതിരെയോ എന്തുകൊണ്ട് കേസെടുത്തു എന്ന് പോലീസിനോട് അന്വേഷിക്കാന്‍ പോയിട്ടില്ല. നല്ല രീതിയിലുളള ഒരു ഇടപെടല്‍ ഈ അടുത്ത കാലത്തായി ദിലീപ് നടത്തുന്നതായാണ് താന്‍ മനസ്സിലാക്കുന്നത് എന്നും നികേഷ് പറഞ്ഞു.

തങ്ങളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്ന അതേ പോലീസ് തന്നെയാണ് തനിക്കും ചാനലിനും എതിരെ കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ 5 വര്‍ഷമായി നമ്മുടെ സമൂഹത്തിലില്ല. അവള്‍ ഒളിച്ചിരിക്കുകയാണ്. അവള്‍ക്ക് മുഖം കാണിക്കാനാകുന്നില്ല എന്നും നികേഷ് പറഞ്ഞു.

അവളുടെ കൂടെ നിന്ന പെണ്‍കുട്ടികളുണ്ട്. രമ്യാ നമ്പീശനെ നമ്മള്‍ കണ്ടിട്ടുണ്ടോ. പാര്‍വ്വതി അവരുടെ പ്രൈം ടൈം കളഞ്ഞ് കൊണ്ടിരിക്കുകയാണ്. എവിടെ പത്മപ്രിയയും രേവതിയും. അവരുടെ കൂടെ നില്‍ക്കുന്ന സിനിമയുടെ മറ്റ് മേഖലയില്‍ ഉളളവര്‍, അവര്‍ക്കൊന്നും വെളിച്ചം കാണാനാകുന്നില്ല. ഇവരൊക്കെ നമ്മളെക്കാളും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും ഉയര്‍ന്ന രീതിയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അപ്പോള്‍ നമ്മള്‍ക്ക് അഞ്ചോ ആറോ കേസ് വരുന്നത് ഒരു വിഷയമാണോ എന്ന് നികേഷ് ചോദിക്കുന്നു.

ദിലീപിന്റെയും സഹോദരങ്ങളുടേയും ഫോണ്‍ ഈ കേസില്‍ നിര്‍ണായകമാണ്. അത് അന്വേഷണ ഏജന്‍സിക്ക് കൊടുക്കണം എന്ന് പറയാന്‍ കോടതിക്ക് എന്തിനാണ് വിറയല്‍ എന്ന് നികേഷ് ചോദിച്ചു. ഈ വിഷയം വന്നപ്പോള്‍ തന്നെ ഉപദേശിക്കാന്‍ പലരും വന്നിട്ടുണ്ട്. ബാലചന്ദ്ര കുമാര്‍ കള്ളനാണെന്നൊക്കെ പലരും പറഞ്ഞു. അവരോട് കാരണം ചോദിച്ചപ്പോള്‍ ദിലീപിനോട് സംസാരിച്ചു എന്നാണ് മറുപടി പറഞ്ഞത്.

പേടിപ്പിക്കാനാണ് നോക്കുന്നത് എങ്കില്‍ ബാക്കി എല്ലാം മാറ്റി വെച്ച് ഇതിന് പിന്നാലെ പോകുമെന്നും നികേഷ് പറഞ്ഞു. തനിക്കെതിരെ ദിലീപ് കൂട്ടിയാല്‍ കൂടില്ലെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

Top