തിരുവനന്തപുരം: കേരളത്തിൽ ഭീതിപരത്തി ഒൻപതു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.യു.കെയിൽനിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടു പേർ, ടാൻസാനിയയിൽനിന്നെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽ നിന്നെത്തിയ യുവതി (44), അയർലാൻഡിൽനിന്നെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.
നൈജീരിയയിൽനിന്ന് വന്ന ഭർത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.
ഡിസംബർ 18, 19 തീയതികളിൽ എറണാകുളം വിമാനത്താവളത്തിലെത്തിയ ആറു പേരും വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. അതിനാൽ അവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്തുനിന്നുള്ളവരാരുമില്ല.
ഡിസംബർ പത്തിന് നൈജീരിയയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്ക് 17-ന് നടത്തിയ തുടർപരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.ഡിസംബർ 18-ന് യു.കെയിൽനിന്നെത്തിയ 51-കാരിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇസ്രയേലിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ വെച്ചാണ് 60 കാരൻ മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
നേരത്തേ, ബ്രിട്ടനിലും അമേരിക്കയിലും ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കോവിഡിൻറെ ഒമിക്രോൺ വകഭേദത്തെ നേരിടാൻ വാക്സിൻറെ നാലാം ഡോസ് വിതരണം ചെയ്യാൻ ഇസ്രയേൽ ഒരുങ്ങുകയാണ്.
രാജ്യത്ത് 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാൻ ശിപാർശ ചെയ്തിരിക്കുകയാണ് ഇസ്രയേലിലെ ആരോഗ്യവിദഗ്ധർ. ഇസ്രയേലിൽ ഇതുവരെ 340 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.