കോഴിക്കോട്: ഇന്ന് 24 നിപ പരിശോധന ഫലം കൂടി നെഗറ്റീവായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരും. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇനി മൂന്ന് സാമ്പിളുകളുടെ പരിശോധന ഫലം കൂടിയാണ് പുറത്ത് വരാനുള്ളത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 980 പേരാണ് നിലവില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതുവരെ 352 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
ചികിത്സയില്‍ കഴിയുന്ന ഒന്‍പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ കോര്‍കമ്മറ്റി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നേരത്തെ ഭാഗിക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും.