കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോഴിക്കോട്ടെ രണ്ട് പനി മരണവും നിപ വൈറസ് ബാധയാലെന്ന് സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും.
കേന്ദ്ര ആരോഗ്യസംഘം സംസ്ഥാനത്തെത്തും. നാല് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. രോഗ ലക്ഷണത്തോടെ ചികിത്സയിലുള്ള ആണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. 75 ഐസൊലേഷന്‍ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു വീണാ ജോര്‍ജ്.