കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട നീരവ് മോദ് ലണ്ടനില്‍ അറസ്റ്റില്‍. ഇന്ത്യയിലെ എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യം വിട്ട് 17 മാസത്തിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. വിവിധ ബാങ്കുകളില്‍നിന്ന് 10000 കോടിക്ക് മുകളില്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു.
നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്ന് നേരത്തേ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ആഗസ്ത് 2018ലാണ് എന്‍ഫോഴ്സ്മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടന്‍ കോടതിയ്ക്ക് മുമ്പാകെ വച്ചത്. യു കെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയില്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.
ലണ്ടനിലേക്ക് രക്ഷപ്പെട്ട വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കടല്‍ത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബംഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.