ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ നാല് പ്രതികൾക്കും തിഹാർ ജയിൽ അധികൃതർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.കേസ് നാളെ വീണ്ടും പരിഗണിക്കും. പ്രതികൾ നിയമ വ്യവസ്ഥയെ കളിയാക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.വെള്ളിയാഴ്ചയാണ് മരണവാറന്റ് സ്റ്റേ ചെയ്യാനുള്ള അപേക്ഷ പ്രതികൾ വിചാരണ കോടതിയിൽ സമർപ്പിച്ചത്. എന്തിനു സ്റ്റേ ചെയ്യണമെന്ന ഒരു കാരണം പോലും ഹർജിയിൽ പറയുന്നില്ല. പ്രതികള്‍ നിയമവ്യവസ്ഥയെ കളിയാക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു.
കുറ്റവാളികളുടെ വധ ശിക്ഷ സ്‍റ്റേ ചെയ്ത പട്യാല കോടതി ഉത്തരവിനെതിരെ തിഹാർ ജയിൽ അധികൃതരും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടു പോകാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് പ്രതികളിൽ ഒരാളായ വിനയ് ശർമയുടെ ഹർജിയിൽ പട്യാല ഹൗസ് കോടതി വധ ശിക്ഷ സ്‍റ്റേ ചെയ്തത്.നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം നൽകണമെന്ന വിനയ് ശർമയുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. ഡൽഹി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ.