കോട്ടയം: ലോകസഭാ ഇലക്ഷനില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ നിന്നും ജനവിധി തേടുന്നു. എന്നാല്‍ കോട്ടയത്തുനിന്നാണ് ഉമ്മന്‍ ചാണ്ടി വത്സരിക്കുന്നതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസുമായി വച്ചുമാറുകയായിരിക്കും ചെയ്യുക. കേരള കോണ്‍ഗ്രസിന് ഫലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാകാത്ത അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
ജോസ്. കെ. മാണി രാജ്യസഭാംഗമായതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് ആര് മത്സരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ സീറ്റ് നോട്ടമിട്ടിട്ടുണ്ടെങ്കിലും ആര്‍ക്കാണ് നറുക്ക് വീഴുക എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ കോട്ടയം കൂടാതെ മറ്റൊരു സീറ്റ് കൂടി വേണമെന്ന് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കിയോ ചാലക്കുടിയോ ആണ് രണ്ടാമത്തെ സീറ്റായി പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നാണ് സൂചന.
കോട്ടയം സീറ്റില്‍ മാണി ഗ്രൂപ്പില്‍ നിന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, ജോസ്. കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. പാർട്ടി പരിപാടികളിലും പൊതു വേദികളിലും സ്ഥിരം സാന്നിധ്യമായി നിഷ മാറിയിട്ടുണ്ട്. അതേസമയം, ഇടുക്കി സീറ്റ് കിട്ടിയാല്‍ അവിടെ പി.ജെ. ജോസഫ് മത്സരിക്കുമെന്നും കോട്ടയത്ത് സാദ്ധ്യത കുറവാണെന്നും പറയപ്പെടുന്നു. ഇതുകൂടാതെ മറ്റുചില പേരുകളും കോട്ടയത്ത് മാണിഗ്രൂപ്പില്‍ നിന്ന് ഉയരുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിനായിരുന്നു കോട്ടയം സീറ്റ്. മുന്‍മന്ത്രി മാത്യു ടി. തോമസായിരുന്നു സ്ഥാനാര്‍ത്ഥി. ഇക്കുറി ദളിന് കോട്ടയത്തിന് പകരം പത്തനംതിട്ട കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ടത്രേ. അങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടറി വി.എന്‍.വാസവനെ സി.പി.എം കോട്ടയത്ത് മത്സരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കോട്ടയത്തിനായി അവകാശവാദം ഉന്നയിക്കുമെന്നും സൂചനയുണ്ട്.
ശബരിമല വിഷയം പ്രചാരണായുധമാക്കാന്‍ ലക്ഷ്യമിടുന്ന ബി.ജെ.പി കോട്ടയത്ത് ശക്തമായ മത്സരത്തിനാണ് കളമൊരുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച നോബിള്‍ മാത്യു വീണ്ടും മത്സരിക്കാനുള്ള സാദ്ധ്യത ഉണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍, എന്‍.ഡി.എ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം കോട്ടയം സീറ്റ് ആവശ്യപ്പെട്ടേക്കാം. അങ്ങനെവന്നാല്‍ പി.സി.തോമസ് മത്സരിക്കുമെന്നാണ് സൂചന.