കോട്ടയം: തനിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് പോലീസില്‍ പരാതി നല്കി. ഡി.ജിപിക്കും കോട്ടയം എസ്.പിക്കുമാണ് പരാതി നല്‍കിയത്. താന്‍ ജോസ് കെ മാണി എം പിയുടെ ഭാര്യ നിഷയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ സ്ഥിരീകരിച്ചു. കോഴിക്കോട് നിന്ന് കോട്ടയം വരെ നിഷയ്ക്കൊപ്പമാണ് യാത്ര ചെയ്തത്. നിഷയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷോണ്‍ പറഞ്ഞു.
കോഴിക്കോട് നിന്ന് കോട്ടയം വരെ നിഷയോടൊപ്പം താന്‍ ട്രെയിനില്‍ ഒരേ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിട്ടുണ്ട്. ഭാര്യ പാര്‍വതിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയായിരുന്നു അത്. റെയില്‍വേ സ്റ്റേഷനില്‍ വച്ച് നിഷയുമായി സംസാരിച്ചു. എന്നാല്‍ ട്രെയിനില്‍ കയറിയ ശേഷം സംസാരിച്ചിട്ടില്ല. അവരോട് അപമര്യാദായി പെരുമാറിയിട്ടുമില്ല. എന്റെ അമ്മയെക്കാള്‍ മൂന്ന് വയസ് മാത്രമാണ് അവര്‍ക്ക് കുറവുള്ളത്. അങ്ങനെയുള്ള നിഷയോട് ഞാന്‍ അപമര്യാദയായി പെരുമാറുമോ? അത്തരം വൃത്തികേട് കാണിക്കുന്നവനല്ല ഞാന്‍ – ഷോണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ പേര് ഉപയോഗിച്ചതും എന്റെ ശ്രദ്ധയില്‍പെട്ടു. അതുകൊണ്ടാണ് പരാതി നല്‍കുന്നത്- അദ്ദേഹം പറഞ്ഞു. നിഷയുടെ ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് തനിക്ക് നേരെയാണ്. ഇതിന്റെ നിജസ്ഥിതി പുറത്ത് വരേണ്ടത് തന്റെ കൂടി ആവശ്യമാണ്.
പുസ്തകം വിറ്റഴിയ്ക്കാനുള്ള തന്ത്രമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അപമര്യദയായി പെരുമാറിയ യുവാവ് സ്വയം പരിചയപ്പെടുത്തിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ മറ്റാരെയെങ്കിലുമാകും നിഷ ഉദ്ദേശിച്ചത്. കാരണം15 വര്‍ഷമായി എനിക്കവരെ അറിയാം. അവര്‍ക്ക് തിരിച്ചും. ഞങ്ങള്‍ കുടുംബപരമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ വീട്ടിലും ഞാന്‍ അവരുടെ വീട്ടിലും പോയിട്ടുണ്ട് – ഷോണ്‍ പറഞ്ഞു.