ഹൈദരാബാദ് : പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഹൈദരാബാദിലെ അവസാന നൈസാം മിര്‍ ഒസാമ അലി ഖാന്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം കൊണ്ടുള്ള ചോറ്റു പാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. അഞ്ച് ഭാഗങ്ങളുള്ളതാണ് ചോറ്റുപാത്രം. ഇതിന്റെ മൂല്യം നിശ്ചയിച്ചിട്ടില്ലെങ്കിലും 50 കോടിയേളം വില വരുന്നതാണ്. മൂന്നു കിലോ ഭാരമുള്ള ഈ പാത്രം നിരവധി രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. 1937 ല്‍ ഭരണത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഏഴാം നൈസാം മിര്‍ ഒസാമ അലി ഖാന് സമ്മാനിക്കപ്പെട്ടതാണ് ഈ പാത്രം.
മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി ചില്ലു കൂട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പാത്രങ്ങള്‍. മോഷ്ടാക്കള്‍ മ്യൂസിയത്തിന്റെ വെന്റിലേറ്ററിലൂടെയാണ് അകത്ത് കടന്നതെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെ മ്യൂസിയം തുറന്നപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. മ്യൂസിയത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അന്വേഷണത്തിനായി 10 അംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.