
ന്യൂഡല്‍ഹി :കേരള ഹൗസിൽ ബീഫ് റെയ്ഡ് നടത്തിയ പൊലീസിൻെറ നടപടി ദൗർഭാഗ്യകരമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ. ഗോമാംസം വിളമ്പുന്നു എന്ന് പരാതി നൽകിയവർക്കെതിരെ പാർലമെൻറ് ഹൗസ് പൊലീസ് സ്റേറഷനിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസിലെത്തി റെസിഡൻറ് കമീഷണറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞദിവസം കേരള ഹൗസിൻെറ കാൻറീനിൽ വിളമ്പിയത് പോത്തിറച്ചിയാണ്. വർഷങ്ങളായി താൻ ഇവിടെ വരാറുണ്ടെന്നും ഇതുവരെ ഇവിടെ ഗോമാംസം വിളമ്പിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊലീസ് പരിശോധന സ്വാഭാവിക നടപടി മാത്രമായിരുന്നുവെന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു.എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന് ഡല്‍ഹി പോലീസ്. ഗോമാംസം കണ്ടെടുക്കാത്ത സാഹചര്യത്തില്‍ കേസെടുക്കേണ്ട സാഹചര്യമില്ല.കേരളാ ഹൗസിന്റെ ‘സമൃദ്ധി’ റസ്‌റ്റോറന്റില്‍ ഗോമാംസം വിളമ്പുന്നതായി കണ്‍ട്രോള്‍ റൂം വഴി ലഭിച്ച പരാതിയിന്മേല്‍ സ്‌ഥലത്തെത്തുകയും അടുക്കളയില്‍ ഉള്‍പ്പെടെ കയറി പരിശോധന നടത്തുകയും ചെയ്‌തുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. തെളിവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കേണ്ടതില്ലെന്നും പോലീസ് വ്യക്‌തമാക്കി. ഗോമാംസം വിളമ്പുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ കേരളാ ഹൗസ് അധികൃതര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.വിവാദങ്ങളെ തുടര്‍ന്ന് കേരളാ ഹൗസില്‍ പോത്തിറച്ചി വിളമ്പുന്നത് നിര്‍ത്തലാക്കി.