40 ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹിയില്‍ അര്‍ജന്റീനന്‍ പ്രസിഡന്റിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയ്ക്കിടെയാണ് മോദിയുടെ പരാമര്‍ശം.
”പുല്‍വാമ ഭീകരാക്രമണത്തിലൂടെ ഒരു കാര്യം വ്യക്തമാവുന്നു. ചര്‍ച്ചകളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി നടപടിയെടുക്കേണ്ട സമയമാണ്.” മോദി പറഞ്ഞു.
ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് ഭീകരവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്നും മോദി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ അര്‍ജന്റീനന്‍ പ്രസിഡന്റ് മൗറീസ്യോ മക്‌റിയുമായി നടത്തിയ നയതന്ത്രകൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇരു രാഷ്ട്രത്തലവന്‍മാരും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംയുക്ത പ്രസ്താവനയുമായി എത്തിയതായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തെച്ചൊല്ലി ”നിങ്ങളുടെ ഉള്ളിലെ തീ, എന്റെയുള്ളിലുമുണ്ട്” എന്നായിരുന്നു ഇന്നലെ പട്‌ന മെട്രോ റെയില്‍ ഉദ്ഘാടനച്ചടങ്ങില്‍ മോദി പറഞ്ഞത്. ഇന്നലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാറില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘സഞ്ജയ് കുമാര്‍ സിന്‍ഹയ്ക്കും രത്തന്‍ കുമാര്‍ ഠാക്കൂറിനും എന്റെ സല്യൂട്ടും ആദരവും.’ മോദി പറഞ്ഞു.
നേരത്തേയും, പുല്‍വാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നല്‍കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് ‘വന്ദേ ഭാരത് എക്‌സ്പ്രസിന്റെ’ ഉദ്ഘാടനച്ചടങ്ങില്‍ മോദി പറഞ്ഞു. രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും.