തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, ടി.കെ രജീഷ്, ഷാഫി, കിര്‍മാണ് മനോജ് എന്നിവര്‍ക്ക് പരോള്‍ ലഭിക്കില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചേര്‍ന്ന ഉപദേശക സമിതിയുടേതാണ് തീരുമാനം. ജയില്‍ ഡി.ജി.പി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പരോള്‍ നല്‍കേണ്ടന്ന തീരുമാനമെടുത്തത്.പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് ധൃതിപിടിച്ചുള്ള പരോള്‍ ശുപാര്‍ശയില്‍ ഉള്‍പ്പെടാന്‍ കാരണമായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
പൊലീസ് ശക്തമായ എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കാതിരുന്നത്. ഒരു കേസിലെ ഒന്നിലേറെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കരുതെന്ന നിബന്ധന നിലനില്‍ക്കെയാണ് പ്രതികളെല്ലാം പരോളിന് അപേക്ഷിച്ചിരുന്നത്.ജയിലിനുള്ളില്‍ നല്ല പെരുമാറ്റം കാഴ്ച വെക്കുന്നവര്‍ക്കാണ് പരോള്‍ സാധാരണ നിലയില്‍ അനുവദിക്കാറുള്ളത്. എന്നാല്‍ ടി.പി വധക്കേസ് പ്രതികള്‍ക്കെതിരെ സഹതടവുകാരനെ മര്‍ദിച്ചതടക്കം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമാണെന്നും ജയിലിനകത്ത് ഇവര്‍ മൊബൈലും ഫേസ്ബുക്കും ഉപയോഗിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇവര്‍ ജയിലിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുകയും ജയിലിനകത്തുനിന്നുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്യുകയും ചെയ്തിരുന്നു.ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.അതേസമയം പരോള്‍ ലഭിക്കാന്‍ കോണ്‍ഗ്രസുകാരനും പരോള്‍ വാഗ്ദാനംകിട്ടിയിരുന്നു.ടിപി വധക്കേസില്‍ പ്രതികളായവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെ ജയിലില്‍ സുഖവാസമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ഇവരുടെ പരോളിനായുള്ള ശ്രമവും നടന്നത്.
തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ ചേര്‍ന്ന ജയില്‍ ഉപദേശക സമിതി യോഗത്തിലാണ് പരോള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ജയില്‍ ഉപദേശക സമിതിയിലെ കോണ്‍ഗ്രസ് അംഗം പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് അംഗത്തിന്‍റെ എതിര്‍പ്പ് ഒഴിവാക്കുന്നതിനായി കൊലപാതക കേസില്‍ പ്രതിയായ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരോള്‍ കൂടി പരിഗണിച്ചെങ്കിലും ഫലമുണ്ടായില്ല.
കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി, ടി.കെ.രജീഷ് എന്നിവരാണ് പരോള്‍ ആവശ്യപ്പെട്ട് ജയില്‍ ഡിജിപിയെ സമീപിച്ചത്. ഇവര്‍ക്ക് പരോള്‍ നല്‍കുന്നതിനെ പൊലീസും എതിര്‍ത്തിരുന്നു. ഒരു കേസില്‍ ഉള്‍പ്പെട്ട ഒന്നിലേറെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കരുതെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ടിപി വധക്കേസ് പ്രതികള്‍ പരോളിനായി അപേക്ഷ നല്‍കിയത്.