ജയിലിനുള്ളിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷന്‍; സ്വന്തം ഗുണ്ടകളെ ഒതുക്കാൻ സിപിഎം നീക്കം

കണ്ണൂര്‍: ജയിലിനുള്ളില്‍ നിന്നുതന്നെ പുറതത് ക്വട്ടേഷന്‍ പണി എടുക്കുകയാണ് ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രധാന പ്രതിയായ കൊടി സുനി. സ്വര്‍ണ്ണക്കടത്തിനായി ക്വട്ടേഷനെടുത്തത് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. സ്വര്‍ണ്ണ വ്യാപാരിയെ ജയിലില്‍ നിന്നും വിളിച്ച് ഭീഷണിപ്പടുത്തിയതായും വിവരമുണ്ട്. ജയിലുകളില്‍ റെയിഡും മറ്റു കര്‍ശന നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടായതാണ്.

സ്വര്‍ണക്കടത്ത് ക്വട്ടേഷനുകള്‍ക്കെതിരെ കര്‍ശന ഇടപെടലുമായി സി.പി.എം തന്നെ രംഗത്തെത്തുകയാണ്. സുനിയുടെയും സംഘത്തിന്റെയും ‘സ്വന്തം നിലയിലുള്ള ദൗത്യങ്ങള്‍’ പാര്‍ട്ടിക്കും സര്‍ക്കാരിനും വിനയായിത്തീരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പാര്‍ട്ടി നേരിട്ടിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെട്ടാണ് നടപടി കര്‍ശനമാക്കിയതെന്നാണ് സൂചന. ജയിലുകളുടെ ഭരണച്ചുമതല ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് താനറിയാതെ ആര്‍ക്കും പരോള്‍ കൊടുത്തുപോകരുതെന്ന് ഋഷിരാജ് സിംഗ് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരില്‍ സുനിയെപ്പോലുള്ളവര്‍ക്ക് പരോള്‍ കൊടുക്കുന്നതും തല്‍കാലം തടഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ കൂത്തുപറമ്പില്‍ കൈതേരിയിലെ റഫ്ഷാന്‍ എന്നയാളെ തട്ടിക്കൊണ്ടുപോയത് സുനിയുടെ നേതൃത്വത്തില്‍ നടന്ന സ്വര്‍ണക്കടത്ത് ക്വട്ടേഷനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തര്‍ പൊലീസിന് വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നു. തന്റെ കുടുംബത്തെയും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യന്‍ എംബസിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും ഖത്തറിലുള്ള കോഴിശേരി മജീദ് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. ഇതിനുപുറമേ, മറ്റു കേസുകളില്‍ ജയിലിലാകുന്ന പാര്‍ട്ടിപ്രവര്‍ത്തകരെയും ഇത്തരം ദൗത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുത്തുന്നതായി സി.പി.എമ്മിന് വിവരം കിട്ടിയിരുന്നു. ഇതോടെയാണ് സുനിക്കും സംഘത്തിനും തടവറപ്പൂട്ടിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സുനിയുെടയും സംഘത്തിന്റെയും ‘ഓപ്പറേഷനുകളെ’ക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുള്ളതായാണ് വിവരം.

ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു.കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആയുധങ്ങളും മൊബൈല്‍ഫോണുകളും ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തു. ജയിലിലെ എ, ബി, ഡി, ഇ-2 എന്നീ ബ്ലോക്കുകളില്‍ നാലു മൊബൈല്‍ ഫോണ്‍, 13 കഞ്ചാവ് പൊതികള്‍, കത്തി, അരം, കത്രിക, ബീഡി, തീപ്പെട്ടി എന്നിവയും കണ്ടെത്തിയിരുന്നു.

കൊടി സുനി, ഷാഫി എന്നിവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തോടെ ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. സുനിയെയും സംഘത്തെയും നിയന്ത്രിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടതെന്നാണ് സൂചന.

Top