ഭാരത യാത്രയ്ക്ക് രാഹുല്‍: ഗ്രാമങ്ങള്‍ ഇളകി മറിയും..!! കോണ്‍ഗ്രസ് തിരിച്ചുവരുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത കോണ്‍ഗ്രസിന് ആത്മവിശ്വാസവും കരുത്തും പകരാന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം. രാജ്യവ്യാപക യാത്രയ്ക്ക് ഒരുങ്ങുകയാണ് അദ്ദേഹം. എല്ലാ സംസ്ഥാനങ്ങളും തൊടുന്ന യാത്രയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏകദേശ അന്തിമ രൂപമായി. ഒട്ടേറെ ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന യാത്രയ്ക്കുള്ളത്.

രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ സംബന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതയാത്ര സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയ 14 മാസം നീണ്ട യാത്രയുടെ സമാനമായ നീക്കം തന്നെയാണ് രാഹുല്‍ ഗാന്ധിയും ലക്ഷ്യമിടുന്നത്. ജഗന്റെ യാത്ര സമാപിച്ചത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. വന്‍ വിജയം നേടിയാണ് ജഗന്റെ പാര്‍ട്ടി ആന്ധ്രയില്‍ അധികാരത്തിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തൂത്തുവാരുന്ന കാഴ്ചയാണ് ആന്ധ്രയില്‍ കണ്ടത്.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. കാറിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും കാല്‍നടയായുമായിരിക്കും യാത്രകള്‍. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തീരുമാനം ഉണ്ടാവൂ. നേരത്തെ തന്നെ രാഹുല്‍ ഇത്തരമൊരു യാത്ര ഉദ്ദേശിച്ചിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുണ്ടായ കൂട്ട രാജികളും കൂറുമാറ്റങ്ങളും കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ തന്നെ പ്രസ്താവനയും വലിയ അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിലവിലുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമായിരിക്കും രാഹുലിന്റെ യാത്രയെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

2017ല്‍ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ യാത്ര തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് ഭാരത യാത്രയെക്കുറിച്ച് രാഹുല്‍ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top