നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു.വിജയത്തിൽ അഹങ്കരിക്കരുതെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിൽ മോദി

ന്യൂഡൽഹി: സര്‍ക്കാര്‍ രൂപീകരിക്കാൻ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്‍റേതെന്ന് രാഷ്ട്പതിയെ കണ്ടശേഷം മോദി പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കാണുകയായിരുന്നു . മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ച്ചടങ്ങിന്റെ സമയവും തീയതിയും നിർദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് എൻഡിഎ നേതാക്കള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ടിരുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിങ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ, ഉദ്ധവ് താക്കറെ, കെ. പളനിസാമി, കോൺറാഡ് സാങ്മ, നെഫ്യു റിയോ എന്നിവരടങ്ങുന്ന സംഘമാണു രാഷ്ട്രപതിയെ സന്ദർശിച്ചത്. ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് നേതാക്കൾ രാഷ്ട്രപതിക്കു കൈമാറി. എംപിമാരുടെ പിന്തുണക്കത്തും രാഷ്ട്രപതിക്കു കൈമാറി.

ശനിയാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദിയെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായാണ് മോദിയുടെ പേരു നിർ‍ദേശിച്ചത്. രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും പിന്താങ്ങി. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായും മോദിയെ തിരഞ്ഞെടുത്തു. പ്രകാശ്സിങ് ബാദലാണ് മോദിയുടെ പേരു നിർദേശിച്ചത്. നിതിഷ് കുമാർ, ഉദ്ധവ് താക്കറെ എന്നിവർ പിന്താങ്ങി.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കണമെന്ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നിയുക്ത എംപിമാരോടു മോദി പറഞ്ഞു. വിജയത്തിൽ അഹങ്കരിക്കരുത്. വിഐപി സംസ്കാരം പിന്തുടരാനും പാടില്ല. അധികാരത്തിലും പ്രശസ്തിയിലും വീണുപോകരുത്. ഇന്ത്യൻ ജനാധിപത്യം ദിനംപ്രതി പക്വതയാർജിക്കുകയാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.2014ൽ നിന്ന് വ്യത്യസ്ഥമായി മുതിര്‍ന്ന നേതാക്കളെ കാൽതൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉൾപ്പടെയുള്ള എല്ലാ എൻഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തിൽ മോദി ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 303 സീറ്റിന്‍റെ മേൽക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നൽകുന്നുണ്ട് മോദി.

Top