രാജ്യത്തിന്റെ അഭിമാനമാകാന്‍ ചന്ദ്രയാന്‍-2; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനമായി ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പരിവേഷണം പുതിയ ഘട്ടത്തിലേയ്ക്ക്. ചാന്ദ്രപരിവേഷണത്തിനുളള ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ദൗത്യം അടുത്തമാസം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം. 10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍-2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ -2 ദൗത്യം ലക്ഷ്യമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ദൗത്യമാണ് ഇത്. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ -2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക് -3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.

പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.

ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള റോവര്‍ ദൗത്യം നടത്തിയിട്ടുള്ളു. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാന്‍-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

Top