ദുബായ് : യുഎഇയിലെ മികച്ച താടിക്കാരനായി നീലേശ്വരം പേരാല്‍ സ്വദേശി ധനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ക്ലബ്ബായ ലക്കി വോയ്‌സ് നടത്തി വരുന്ന താടി വളര്‍ത്തല്‍ മത്സരത്തിലാണ് ധനില്‍ കുമാര്‍ ഒന്നാമതെത്തിയത്.ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായാണ് മത്സരം സംഘടിപ്പിച്ചത്. ഏഴര ഇഞ്ച് നീളവും താടിയുടെ ഒത്തിണക്കവുമായാണ് ധനില്‍ വിജയിയായത്. താടിയുടെ ഭംഗിയും ഉറപ്പും മീശയുടെ സൗന്ദര്യവും ധനിലിന് തുണയായി.ദുബായിലെ ഒരു പ്രമുഖ മോഡല്‍ ഏജന്‍സിയില്‍ ഒരു വര്‍ഷം ധനിലിന് പ്രവര്‍ത്തിക്കാം. കൂടാതെ പ്രമുഖ ബാര്‍ബര്‍ ഷോപ്പില്‍ സൗജന്യമായി താടിയുടെ പരിപാലനം നിര്‍വഹിക്കുകയും ചെയ്യാം. ഇവയാണ് വിജയിക്കുള്ള സമ്മാനങ്ങള്‍.മത്സരത്തെക്കുറിച്ച് അറിഞ്ഞ ചില സുഹൃത്തുക്കളാണ് ധനിലിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.50 ഓളം പേര്‍ മാറ്റുരച്ചതില്‍ നിന്ന് ഈ 27 കാരന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അമേരിക്കന്‍, ജര്‍മന്‍, നോര്‍വേ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള താടിക്കാരെ മലര്‍ത്തിയടിച്ചാണ് ധനിലിന്റെ വിജയം. അവസാന 5 ആളുകളില്‍ ഉള്‍പ്പെട്ടപ്പോള്‍ കടുത്ത മത്സരമാണ് ധനിലിന് നേരിടേണ്ടി വന്നത്. ഒരു ന്യൂയോര്‍ക് സ്വദേശിയില്‍ നിന്നാണ് കടുത്ത വെല്ലുവിളിയുണ്ടായത്. പക്ഷേ ഒടുവില്‍ ധനില്‍ വിജയിച്ചു. ചോദ്യങ്ങള്‍ക്കുള്ള ധനിലിന്റെ ഉത്തരങ്ങളും വിജയത്തില്‍ നിര്‍ണ്ണായകമായി. താടി ഇഷ്ടമല്ലെന്നും വെട്ടണമെന്നും വിവാഹശേഷം ഭാര്യ പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് എന്തുവന്നാലും മുറിക്കില്ലെന്നായിരുന്നു മറുപടി. യുഎഇയില്‍ പിതാവ് പികെ നായരെ ബിസിനസില്‍ സഹായിക്കുകയാണ് ധനില്‍. മോഡലിങ്ങിലൂടെ സിനിമ പ്രവേശനമാണ് ഈ യുവാവിന്റെ ലക്ഷ്യം.