ന്യൂഡല്‍ഹി: ദുരൂഹതകള്‍ അവസാനിക്കാത്ത സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശി തരൂരും സുനന്ദ പുഷ്‌ക്കറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്ത്. സുനന്ദയുടെ മരണത്തിനു ഒരാഴ്ച മുമ്പ് ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനു അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതായി സൂചനകള്‍ നല്‍കുന്നതായിരുന്നു.
എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല. മരണത്തിനു വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ശശി തരൂരിന് ജനുവരി എട്ടിനു അയച്ച സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹി പോലീസ് ഇന്നു കോടതിയില്‍ സമര്‍പ്പിച്ച മൂവായിരം പേജുള്ള ചാര്‍ജ് ഷീറ്റിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുനന്ദയുടെ ആത്മഹത്യക്കു പിന്നില്‍ ശശി തരൂര്‍ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിക്കുമെന്ന് സൂചനകള്‍ നല്‍കി മെയില്‍ സന്ദേശം അയച്ച് ഒന്‍പത് ദിവസങ്ങള്‍ക്കു ശേഷം ഡല്‍ഹിയിലെ ആഢംബര ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിഷം കഴിച്ചാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രതേയ: അന്വേഷണ സംഘം സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ ഡിപ്രഷനിലേക്ക് പോയ സുനന്ദയെ ശശി തരൂര്‍ അവഗണിച്ചിരുന്നുവെന്നും. ഇതിനാല്‍ മരണം വേഗത്തില്‍ സംഭവിച്ചതെന്നും പോലീസ് പറയുന്നു. ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. പലപ്പോഴും കലഹങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ ഗുരുതരമല്ലായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള വഴക്കിനിടയില്‍ സംഭവിച്ചതാകാമെന്നും പറയുന്നു.
തന്റെ ഭര്‍ത്താവിന് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് സുനന്ദ സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന് ട്വിറ്ററില്‍ ഇരുവരും പരസ്യമായി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. 51 കാരിയായ സുനന്ദയെ ജനുവരി 17 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പ് സുനന്ദയുടെ കോളുകളും സന്ദേശങ്ങളും ശശി തരൂര്‍ അവഗണിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയ ഗവഴിയും ശശി തരൂരുമായി ബന്ധപ്പെടാന്‍ സുനന്ദ ശ്രമിച്ചിരുന്നുവെങ്കിലും ശശി തരൂര്‍ സുനന്ദയെ പാടെ ഒഴിവാക്കുകയായിരുന്നു.