പാലക്കാടും കാലുവാരൽ ഭീക്ഷണിയിൽ!ഷാഫി പറമ്പില്‍ പാലക്കാട് പ്രചാരണത്തിനില്ല.ഒളിക്യാമറ അഴിമതിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന് എം.കെ.രാഘവന്‍.കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍.

തിരുവനന്തപുരം: ഷാഫി പറമ്പിൽ എന്താണ് സ്വന്തം തട്ടകമായ പാലക്കാട് മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നത് ?ഷാഫിയുടെ മണ്ഡലത്തിലെ വലിഞ്ഞു നിൽക്കൽ ദുരൂഹതയുണ്ട് എന്നാണ് പരക്കെ ആക്ഷേപം .വാശിയേറിയ പ്രചാരണത്തിൽ പാലക്കാട് ശ്രീകണ്ഠൻ വിജയത്തിലേക്ക് എത്തുന്നു എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ഷാഫിയുടെ പിന്മാറ്റം എന്നതിൽ ദുരൂഹതയുണ്ട് .എന്തൊക്കയോ ചീഞ്ഞു നാറുന്നു എന്നും മണ്ഡലത്തിൽ നിന്നും ആരോപണം .അവ ഉടൻ പുറത്ത് വരുക തന്നെ ചെയ്യും .

ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ പാലക്കാട്‌ ശ്രദ്ധിക്കാതെ ആലത്തൂര്‍ മണ്ഡലത്തിലാണ്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ്‌ പരാതി. എ ഗ്രൂപ്പ്‌ ഇവിടെ പൂര്‍ണ്ണമായും നിസ്സഹകരണത്തിലാണെന്നും സ്‌ഥാനാര്‍ത്ഥിക്കും മറ്റും പരാതിയുണ്ട്‌.എന്നാല്‍ ഡി.സി.സി പ്രസിഡന്റുകൂടിയായ ശ്രീകണ്‌ഠന്‍ സ്വന്തം നിലയില്‍ ആരെയും വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകുകയാണെന്ന്‌ മറുപക്ഷവും പറയുന്നു. ഘടകകക്ഷികളും ഇക്കാര്യം നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌.ഇത്തരം വിഷയങ്ങൾ പാലക്കാട്‌ സ്‌ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്‌ഠനും അദ്ദേഹത്തിന്റെ പ്രചാരണ മാനേജര്‍മാരും ബന്ധപ്പെട്ടവരെ പരാതിയുമായി സമീപിച്ചിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്ന്‌ ജെ.ഡി.യുവിലായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ ഇതേ ഗ്രൂപ്പ്‌ പോരാണ്‌ ഒരുലക്ഷത്തിലധികം വോട്ടിന്‌ പരാജയപ്പെടുത്തിയത്‌. ഇക്കുറി അത്‌ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ്‌ നേതൃത്വം നല്‍കിയിരിക്കുന്നത്‌. ഇടതു, ബി.ജെ.പി സ്‌ഥാനാര്‍ത്ഥികളെ അപേക്ഷിച്ച്‌ പണത്തിന്റെ ബുദ്ധിമുട്ടും യു.ഡി.എഫിനെ വലയ്‌ക്കുന്നു. എന്നാല്‍ ഇതൊക്കെ പരിഹരിക്കാനുള്ള കഠിനപരിശ്രമത്തിലാണ്‌ മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ്‌ നേതാക്കളും. പരാതിയുള്ളിടങ്ങളില്‍ നേതാക്കള്‍ നേരിട്ട്‌ എത്തിതന്നെ അത്‌ പരിഹരിക്കുന്നതിന്‌ ശ്രമവും നടത്തുന്നുണ്ട്‌.

കോഴിക്കോട്‌ മണ്ഡലത്തില്‍ എം.കെ. രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയതു പ്രചാരണത്തെയും ബാധിച്ചതായാണു വിലയിരുത്തല്‍. വടകര മണ്ഡലത്തിലെ യു.ഡി.എഫ്‌. പ്രചാരണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തോടെ രംഗത്തുള്ളതു മുസ്ലിം ലീഗാണ്‌. കൊലപാതകരാഷ്‌ട്രീയം ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും വടകരയിലെ പ്രചാരണത്തില്‍ പി. ജയരാജന്‍ കൈവരിച്ച മേല്‍ക്കൈ മറികടക്കാന്‍ യു.ഡി.എഫിനു കഴിയുന്നില്ലെന്നതാണു കെ. മുരളീധരനെ വലയ്‌ക്കുന്നത്‌.

തിരുവനന്തപുരം മണ്ഡലത്തിലെ പ്രശ്‌നം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഡോ: ശശിതരൂരിനെതിരെ ശക്‌തമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തുണ്ട്‌. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട്‌ സ്‌ഥാനാര്‍ത്ഥിതന്നെ കെ.പി.സി.സിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കിനും പരാതി നല്‍കി.

ബി.ജെ.പി ഭീഷണിയായ വട്ടിയൂര്‍ക്കാവ്‌, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലൊന്നും തന്നെ തരൂരിന്‌ വേണ്ടി വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന്‌ മാത്രമല്ല, ഇത്‌ ഏകോപിപ്പിക്കാന്‍ പോലും ആരുമില്ലാത്ത സ്‌ഥിതിയാണ്‌. ഈ മണ്ഡലങ്ങളില്‍ ആദ്യവട്ട നോട്ടീസ്‌ വിതരണം പോലും പൂര്‍ത്തിയായിട്ടുമില്ല. പ്രചാരണത്തിലെ നിസഹകരണം ചൂണ്ടിക്കാട്ടി ഡി.സി.സി.സെക്രട്ടറി തമ്പാനൂര്‍ സതീഷ്‌ രംഗത്തുവന്നതോടെയാണ്‌ വിഷയം പരസ്യമായിരിക്കുന്നത്‌.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേതരത്തിലുള്ള നീക്കം ചെറിയരീതിയിലെങ്കിലും ഈ മണ്ഡലത്തില്‍ നടന്നിരുന്നു. എന്നാല്‍ അന്ന്‌ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെ സാന്നിദ്ധ്യം ഒരുവിധം തരൂരിന്‌ സഹായകവുമായി. ഇക്കുറി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുരളിയുമില്ല. അതുകൊണ്ടുതന്നെ വോട്ട്‌ചോര്‍ച്ച തടയുന്നതിന്‌ വലിയ ബുദ്ധിമുട്ട്‌ നേരിടേണ്ടിവരുമെന്ന ആശങ്കയും തരൂര്‍ ക്യാമ്പിലുണ്ട്‌. മണ്ഡലത്തില്‍ വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ താനായിരിക്കില്ല ഉത്തരവാദിയെന്നും തരൂര്‍ അറിയിച്ചിട്ടുണ്ട്‌. ഒരു വാര്‍ത്താചാനല്‍ നടത്തിയ സ്‌റ്റിംഗ്‌ ഓപ്പറേഷന്‌ ശേഷം മറ്റ്‌ നേതാക്കളില്‍ നിന്നും വേണ്ട പിന്തുണ കിട്ടുന്നില്ലെന്ന്‌ എം.കെ. രാഘവന്‍ നേതൃത്വത്തെ അറിയിച്ചു.

അതുപോലെ തിരുവനന്തപുരം, കോഴിക്കോട്‌, പാലക്കാട്‌ , വടകര മണ്ഡലങ്ങളില്‍ നിന്ന്‌ സ്‌ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ നിരവധി പരാതികളാണ്‌ കെ.പി.സി.സിക്ക്‌ ലഭിക്കുന്നത്‌. മാത്രമല്ല, പ്രചാരണ കമ്മിറ്റികളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതികള്‍ ഘടകകക്ഷികള്‍ക്കുമുണ്ട്‌.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ്‌ നേതാക്കളും പ്രചാരണത്തിന്‌ ഇറങ്ങുന്നില്ലെന്നാണു പരാതി.

വയനാട്ടിലെ സ്‌ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയുടെ വരവ്‌ മറ്റു മണ്ഡലങ്ങളിലും തരംഗമാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍, വയനാട്ടിലെ റോഡ്‌ ഷോ വന്‍വിജയമായതിനപ്പുറം മറ്റു മണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണു സ്‌ഥാനാര്‍ഥികളുടെ പരാതി.സംഘടനാപരമായ ദൗര്‍ബല്യവും ഗ്രൂപ്പ്‌ പ്രശ്‌നങ്ങളും ഇക്കുറിയും കോണ്‍ഗ്രസിനെ വലയ്‌ക്കുന്നു. വയനാട്‌ രാഹുല്‍ഗാന്ധി മത്സരത്തിനെത്തിയതോടെ സമീപ മണ്ഡലങ്ങളിലെ നേതാക്കള്‍ അവിടെ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന്‌ മറ്റ്‌ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ പരാതിയുമുണ്ട്‌.തെരഞ്ഞെടുപ്പില്‍ വിപരീതഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ ഡി.സി.സികള്‍ക്ക്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top