ഉമ്മൻചാണ്ടി മുതൽ ചാണ്ടി ഉമ്മൻ വരെ.ഷാഫി പറമ്പിൽ അരങ്ങത്തേക്ക് ഇറങ്ങുമ്പോൾ ചങ്ക് കലങ്ങുന്നത് ആർക്കൊക്കെ.

ഡി.പി. തിടനാട് 

തിരുവനന്തപുരം :ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഴുവൻ ട്രെന്റും തീരുമാനിക്കുന്നത് പാലക്കാട് നിന്നുള്ള ഒരു കോൺഗ്രസ് യുവ നേതാവാണ്. ഷാഫി പറമ്പിൽ. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ഷാഫി. പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിരോധവും പാളി നിൽക്കുമ്പോഴാണ് ഷാഫിയുടെ നേതൃത്വത്തിലുള്ള യുവനിര കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സെന്റർ ഫോർവേഡ് ഇറങ്ങുന്നത്.
പിണറായി വിജയൻറെ ഒറ്റയാൻ സർക്കാരിന് കീഴിൽ DYFI യും SFI യും നിശ്ചലമാണ്. അതെ സമയം ഷാഫി പറമ്പിൽ നേതൃത്വം കൊടുക്കുന്ന യൂത്ത് കോൺഗ്രസ് പൊതുജന വിഷയങ്ങൾ ഉയർത്തി മുന്നിൽ തന്നെയുണ്ട്.
വാളയാർ വിഷയത്തിലും ഇപ്പോൾ ഇന്ധനവില വർദ്ധനവിനെതിരെയും ശക്തമായ പ്രക്ഷോഭമുയർത്തി പ്രതിപക്ഷത്തിന്റെ റോൾ ഭംഗിയായി നിർവഹിക്കുന്നത് യൂത്ത് കോൺഗ്രസാണ്. ആവിശ്യമായ സമയങ്ങളിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള കരുത്ത് തങ്ങൾക്ക് ഉണ്ടെന്നും യൂത്ത് കോൺഗ്രസുകാർ തെളിയിച്ചതാണ്.

കേരളാ കോൺഗ്രസിന്റെ സമ്മർദ്ധത്തിന് വഴങ്ങി, ജോസ് കെ മാണിയെ രാജ്യസഭയിലയിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ അന്ന് രംഗത്ത് വന്നതും യൂത്ത് കോൺഗ്രസ് ആയിരുന്നു. ഷാഫി പറമ്പിലും വി.ടി ബൽറാമും നേതൃത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത് ഏറ്റെടുക്കുകയും ചെയ്തു.

പ്രവാസി വിഷയത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷം പകച്ചുനിന്നപ്പോൾ, സർക്കാരിനെ മറികടന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയത് യൂത്ത് കോൺഗ്രസ് ആയിരുന്നു. നൂറുകണക്കിന് ഫ്‌ളൈറ്റ് ടിക്കറ്റുകളാണ് പരിപാടിയുടെ ആദ്യഘട്ടത്തിൽ തന്നെ യൂത്ത് കോൺഗ്രസ് സൗജന്യമായി നൽകിയത്. രമ്യാ ഹരിദാസ് എം.പി യും അനിൽ അക്കരയും വി.കെ ശ്രീകണ്ഠനും യൂത്ത് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. പ്രവാസികളായ സി.പി.എം നേതാക്കൾക്ക് പോലും മടങ്ങിവരവിന് യൂത്ത് കോൺഗ്രസ് സംവിധാനത്തെയാണ് ആശ്രയിക്കേണ്ടിവന്നത്.

ദേശീയ സെക്രട്ടറി ആയിരുന്ന ഷാഫി പറമ്പിൽ ഗ്രൂപ്പ് നേതാക്കന്മാരുടെ ആശ്രിവാദത്തോടെയല്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. ഡീൻ കുര്യാക്കോസ് ഇടുക്കി പാർലമെന്റിൽ നിന്ന് ലോക്സഭയിൽ എത്തിയത്തോടെ അനാഥമായ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഷാഫി ഉമ്മൻചാണ്ടിയോട് ചോദിച്ചു വാങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് ചിലവിന് വേണ്ടി വരുന്ന ഫണ്ടടക്കം തങ്ങൾ കണ്ടെത്തിക്കൊള്ളാമെന്ന ഓഫറാണ് ഷാഫി പറമ്പിൽ ഉമ്മൻചാണ്ടിക്ക് മുന്നിൽ വെച്ചത്.

പാർട്ടിയുടെ യുവജന – വിദ്യാർത്ഥി പ്രവർത്തകരുടെ മുഴുവൻ പിന്തുണയുമായി ഷാഫി പറമ്പിൽ അരങ്ങിൽ ഇറങ്ങുമ്പോൾ ചങ്ക് കലങ്ങുന്നത് ആർക്കൊക്കെ ആണ് ?
കോൺഗ്രസിൽ മാത്യു കുഴല്നാടന് ഉൾപ്പെടെ പലരും കളിച്ച് തോറ്റ തലമുറമാറ്റത്തിലേക്കാണ് പ്രായോഗിക വഴികളിലൂടെ ഷാഫി പറമ്പിൽ നീങ്ങുന്നത്. കോൺഗ്രസിലെ യുവതലമുറയിലെ ജനകീയ നേതാക്കളുടെയല്ലാം പിന്തുണ ഷാഫി ഉറപ്പിച്ചുകഴിഞ്ഞു. മികച്ച “ട്രെൻഡ് സെറ്ററാണ്” ഷാഫി. യൂണിറ്റ് തലം മുതലുള്ള കെ.എസ്.യു പ്രവർത്തകരുമായി ആത്മബന്ധം സൂക്ഷിക്കുന്ന നേതാവാണ് ഷാഫി. ഷാഫിക്ക് വേണ്ടി കെ.എസ്.യു ഓപ്പറേഷൻസിന് നേതൃത്വം നൽകുന്നത് മുൻ എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ആണ്.

എല്ലാ ജാതി മത സമവാക്യങ്ങൾക്കും അപ്പുറം കോൺഗ്രസ് രാഷ്ട്രീയത്തിൽ ഷാഫിക്ക് വളരാൻ കഴിയുന്നതിന്റെ കാരണം ഷാഫിയുടെ മതേതര മുഖം തന്നെയാണ്. 2011ൽ ഹിന്ദു ഭൂരിപക്ഷമുള്ള പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ സ്ഥാനാർഥി ആവുന്നതിന് പാർട്ടി നേതൃത്വത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധിയുടെ നിലപാടാണ് പാലക്കാട് ഷാഫിക്ക് സീറ്റ് ഉറപ്പിച്ചത്. രാഹുലിന്റെ തീരുമാനം ശരിയായിരുന്നെന്ന് സി.പി.എം ലെ കെ.കെ ദിവാകരനോട് 6000 വോട്ടുകൾക്ക് വിജയിച്ച് ഷാഫി തെളിയിച്ചു. രാഹുൽ ഗാന്ധി കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെന്ന് ആക്ഷേപം കേട്ട വി.ടി ബൽറാമും ഹൈബി ഈഡനും ജയിച്ചു കയറിയത് ഇതേ തെരഞ്ഞെടുപ്പിലാണ്. 2016 ലെ തിരഞ്ഞെടുൽ ഭൂരിപക്ഷം മൂന്നിരട്ടിയായി വർദ്ധിപ്പിച്ച് ഷാഫി വിജയം ആവർത്തിച്ചു. ബി.ജെ.പി രാഷ്ട്രീയത്തിന് ശക്തമായ വേരുകളുള്ള പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി ദേശീയ നേതാവ് ശോഭ സുരേന്ദ്രനെയും എക്സിറ്റ് പോളുകളേയും തോൽപ്പിച്ച് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഷാഫി തന്റെ സ്ഥാനം വരച്ചിടുകയായിരുന്നു.

അവിടെ നിന്ന് അങ്ങോട്ട് കേരളം രാഷ്ട്രീയത്തിൽ ഷാഫിയുടെ ഓരോ ചുവടുവെയ്പ്പും കൃത്യവും സൂക്ഷ്മവും ആയിരുന്നു. 2020 ൽ നടക്കാനിരിക്കുന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ ഒരുവട്ടം കൂടി വിജയിച്ചു കയറിയാൽ ഷാഫി നിയമസഭയിലും കോൺഗ്രസ് രാഷ്ട്രീയത്തിലും അനിഷേധ്യ സാന്നിധ്യമാവും.
ചാണ്ടി ഉമ്മൻ, അനിൽ ആൻറണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തല എന്നിവരുടെ പാർലമെന്ററി മോഹങ്ങളാണ് ഷാഫിയുടെ ഒറ്റയാൻ വരവിൽ ഇല്ലാതാവുന്നത്. അതിന്റെ പ്രതിഫലനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്ന കഴിഞ്ഞു.

Top