കണ്ണിറുക്കല്‍ ഹിറ്റായപ്പോള്‍ നായികാ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതില്‍ സങ്കടമുണ്ടെന്ന് നൂറിന്‍ ഷെരീഫ്. എല്ലാവരും പ്രിയയുടെ പിറകെ പോയപ്പോള്‍ കുറച്ചൊക്കെ വിഷമം തോന്നിയിരുന്നു.
ഒരു അഡാര്‍ ലവ് എന്ന ചിത്രം നൂറിന്‍ ഷെരീഫ് എന്ന തുടക്കക്കാരിക്ക് സ്വപ്നം പോലെ ഒന്നായിരുന്നു. ആദ്യമായി നായികയാകുന്നതിന്റെ എല്ലാ ആവേശവും ആകാംക്ഷയുമുണ്ടായിരുന്നു നൂറിന്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് നായികാസ്ഥാനത്ത് നിന്നും നൂറിനെ മാറ്റി പ്രിയവാരിയരെ കൊണ്ടുവരുന്നത്. എന്നാല്‍ സിനിമ ഇറങ്ങിയതോടെ നൂറിന്‍ നായികയായാല്‍ മതിയായിരുന്നു എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്.
‘ഒന്നരവര്‍ഷത്തോളമാണ് ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ? രണ്ടാമത്തെ പാട്ടിറങ്ങിയപ്പോഴാണ് ആളുകള്‍ എന്നെ ശ്രദ്ധിച്ചത്. പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല. എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കല്‍ എക്‌സ്പ്രഷനൊന്നും നന്നായി ചെയ്യാന്‍ സാധിക്കുമോയെന്നും അറിയില്ല. അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യമാണ്.
പക്ഷെ ആ പാട്ട് വൈറലായിക്കഴിഞ്ഞപ്പോള്‍ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റിയതില്‍ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരില്‍ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാര്‍ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്.